Asianet News MalayalamAsianet News Malayalam

ഡിഎന്‍എ പോലെയുള്ള തന്മാത്ര കൃത്രിമമായി സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍

ജീവലോകത്തിന്‍റെ അടിത്തറ എന്നു പറയാവുന്ന ഡിഎന്‍എ പോലെയുള്ള ഒരു തന്മാത്രയെ കൃത്രിമമായി സൃഷ്ടിച്ചിരിക്കുകയാണ് കുറച്ചു ശാസ്ത്രജ്ഞര്‍

NASA Funded Research Creates DNA-like Molecule to Aid Search for Alien Life
Author
Florida, First Published Feb 23, 2019, 12:43 PM IST

ടല്‍ഹന്‍സി: ജീവലോകത്തിന്‍റെ അടിത്തറ എന്നു പറയാവുന്ന ഡിഎന്‍എ പോലെയുള്ള ഒരു തന്മാത്രയെ കൃത്രിമമായി സൃഷ്ടിച്ചിരിക്കുകയാണ് കുറച്ചു ശാസ്ത്രജ്ഞര്‍. നാസയുടെ പിന്തുണയോടു കൂടിയായിരുന്നു ഗവേഷണം.  ഭൂമിക്കു പുറത്ത് ജീവന്‍ തിരയുക എന്നത് നാസയുടെ പ്രധാന അജണ്ടകളിലൊന്നാണ്. 

നാസയുടെ മാത്രമല്ല, ഏതൊരു ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെയും അജണ്ടകളിലൊന്ന് അതുതന്നെ ആയിരിക്കും. ഭൂമിക്കു പുറത്തെ ജീവന്‍ എങ്ങനെയായിരിക്കും എന്നതിനെ സംബന്ധിച്ച് നമുക്കൊരു ഊഹവും ഇല്ല. ഒരുപക്ഷേ ഭൂമിയിലെ ജീവന്‍ പോലെ ഡി എന്‍ എ യെ അധിഷ്ഠിതമാക്കി ആയിരിക്കാം. 

അല്ലെങ്കില്‍ ഡിഎന്‍എയ്ക്കു സമാനമായ മറ്റൊരുതരം തരം തന്മാത്രയാവാം. അതല്ലെങ്കില്‍ തീര്‍ത്തും അപരിചിതമായ മറ്റൊരു രാസക്കൂട്ടാവാം അന്യഗ്രഹജീവന്‍.  ഫ്ലോറിഡയിലെ അപ്ലൈഡ് മോളിക്യൂലാര്‍ എവല്യൂഷനിലെ ശാസ്ത്രജ്ഞനായ സ്റ്റീവന്‍ ബെന്നര്‍ ആണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്. മനുഷ്യരുടേത് അടക്കം ഭൂമിയിലെ ജീവജാലങ്ങളുടെയെല്ലാം ഡിഎന്‍എയ്ക്ക് നാല് ബേസുകളാണ് ഉള്ളത്. ഇവയെ ന്യൂക്ലിയോടൈഡുകള്‍ എന്നു പറയും.  അഡ്വിനീന്‍,ഗ്വാനിന്‍, സൈറ്റോസിന്‍, തൈമിന്‍ എന്നിവയാണവ.

പക്ഷേ ഇപ്പോള്‍ കൃത്രിമമായി നിര്‍മ്മിച്ച ഡി എന്‍ എയ്ക്ക് എട്ടു ബേസുകളാണ് ഉള്ളത്. എട്ട് വ്യത്യസ്തവസ്തുക്കളാണ് ഈ പുതിയ ഡിഎന്‍എ രചിച്ചിരിക്കുന്നത്. നമ്മുടെ ഡി എന്‍ എയിലുള്ള നാലെണ്ണവും പിന്നെ പുതുതായി നിര്‍മ്മിച്ച മറ്റു നാല് ന്യൂക്ലിയോടൈഡുകളും. 

ഹാച്ചിമോജി ഡിഎന്‍എ എന്നാണ് ഈ പുതിയ ഡിഎന്‍എയെ അവര്‍ വിളിക്കുന്നത്. ഒരു ജപ്പാനീസ് പേരാണിത്. 
ഭൂമിക്ക് പുറത്ത് ജീവനെ തിരയുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഇത്തരം ഗവേഷണങ്ങളിലൂടെ മനസ്സിലാക്കാനാവും എന്നു കരുതുന്നു. 

നവനീത്

Follow Us:
Download App:
  • android
  • ios