ചെന്നൈ: ഐഎസ്ആർഒയുടെ ഗതിനിർണയ ഉപഗ്രഹമായ IRNSS-1H ന്‍റെ വിക്ഷേപണം പരാജയപ്പെട്ടു. ഐഎസ്ആർഒയുടെ മേൽനോട്ടത്തിൽ ബംഗലുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽഫാ ഡിസൈൻ ടെക്നോളജീസ് എന്ന സ്വകാര്യ കമ്പനിയാണ് ഉപഗ്രഹം നിർമിച്ചത്. ഇന്ത്യയുടെ ആദ്യ സ്വകാര്യനിർമ്മിത ഉപഗ്രഹം കൂടിയായിരുന്നു IRNSS-1H.

ഉപഗ്രഹം പറന്നുയരുമ്പോൾ അന്തരീക്ഷവുമായുള്ള ഘർഷണം തടയാനുള്ള ഹീറ്റ് ഷീൽഡ് ഭ്രമണപഥത്തിലെത്തിയിട്ടും വിച്ഛേദിയ്ക്കാനാകാത്തതാണ് വിക്ഷേപണം പരാജയപ്പെടാൻ കാരണമെന്ന് ഐഎസ്ആർഒ അറിയിച്ചു. വൈകിട്ട് 6.59 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലായിരുന്നു ഉപഗ്രഹം വിക്ഷേപിച്ചത്. I R N S S സീരീസിലെ ഏഴാമത്തെ ഉപഗ്രഹമാണിത്.

2013 ൽ വിക്ഷേപിച്ച IRNSS-1A തകരാറിലായതിനെത്തുടർന്നാണ് പുതിയ ഉപഗ്രഹം വിക്ഷേപിയ്ക്കുന്നത്. നാവിക് - അഥവാ - നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ - എന്ന ആഭ്യന്തര ഗതിനിർണയ സാങ്കേതികവിദ്യയ്ക്ക് പുതിയ ഉപഗ്രഹം ഏറെ സഹായകരമാകും എന്നാണ് കരുതപ്പെട്ടിരുന്നത്.