സിഡ്നി: അര്‍ബുദ ചികില്‍സയില്‍ കുതിപ്പാകുന്ന രക്തപരിശോധന രീതി വികസിപ്പിച്ച് ഓസ്ട്രേലിയന്‍ ഗവേഷകര്‍. ഒരു രക്തപരിശോധനയിലൂടെ ആറുതരം ക്യാന്‍സര്‍ സാധ്യതകള്‍ തിരിച്ചറിയാം എന്നതാണ് കണ്ടെത്തലിന്‍റെ ചുരുക്കം. ക്യാന്‍സര്‍ സാധ്യത നേരത്തെ കണ്ടെത്താനും, ക്യാന്‍സര്‍ നിര്‍ണ്ണയ പരിശോധനകളുടെ ചിലവ് കുറയാനും ഈ പുതിയ കണ്ടുപിടുത്തം വഴി സാധിച്ചേക്കും.

അണ്ഡാശയം, കരള്‍, ഉദരം, പാന്‍ക്രീയാസ്, ഇസോഫാഗസ്, തൊണ്ട, ശ്വസകോശം, മാറിടം എന്നിവിടങ്ങളിലെ ക്യാന്‍സറാണ് ഈ രക്തപരിശോധന വഴി കണ്ടെത്താന്‍ സാധിക്കുക എന്ന് ചൈനീസ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്ട്രേലിയയിലെ വാള്‍ട്ടര്‍ ആന്‍റ് എലിസബത്ത് ഹാള്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ടിലെ ഗവേഷണങ്ങളാണ് ഈ പുതിയ പരിശോധനയുടെ വികാസത്തിലേക്ക് നയിച്ചത്.

ഈ പരിശോധനയുടെ സമൂഹത്തിലുള്ള പരീക്ഷണത്തില്‍ കൂടുതല്‍ സാധ്യതകള്‍ പരിശോധിക്കണമെങ്കില്‍ കുറച്ചുകൂടി സമയം എടുക്കുമെന്നാണ് ഇന്‍സ്റ്റ്യൂട്ടിലെ അസോസിയേറ്റ് പ്രഫസര്‍ ജെന്നി ടൈ പറയുന്നത്.

അര്‍ബുദത്തെ നേരത്തെ കണ്ടെത്താനും ചികില്‍സിക്കാനും ഈ പരീക്ഷണ രീതി ഉപകാരപ്രഥമാണ് എന്നാണ് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നത്. ഇപ്പോള്‍ ലോകത്ത് അര്‍ബുദത്തില്‍ നിന്നും രക്ഷപ്പെടുന്നവരുടെ എണ്ണവും, അത് കണ്ടെത്തുന്ന സമയവും വളരെ വലിയ ബന്ധമാണ് ഉള്ളത്. അര്‍ബുദത്തില്‍ നിന്നും രക്ഷപ്പെടുന്നവരില്‍ 70 ശതമാനത്തില്‍ ഏറെപ്പേര്‍ അത് നേരത്തെ കണ്ടെത്തിയവരാണ്.

അതിനാല്‍ തന്നെ പുതിയ പരിശോധന രീതി വലിയ മാറ്റം അര്‍ബുദ ചികില്‍സ രംഗത്ത് ഉണ്ടാക്കുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.