ലണ്ടന്‍: വാനാക്രൈ സൈബര്‍ ആക്രമണത്തേക്കാള്‍ കൂടുതല്‍ അപകടകാരിയായ പുതിയ പ്രോഗ്രാം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ രണ്ടുലക്ഷത്തിലധികം കംപ്യൂട്ടറുകളെ ഈ വൈറസ് ബാധിച്ചു കഴിഞ്ഞുവെന്നാണ് സൂചന.

വാനാക്രൈ ആക്രണത്തിനു കാരണമായ വിന്‍ഡോസിലെ സുരക്ഷാ പിഴവാണു പുതിയ പ്രോഗ്രാമും ഉപയോഗിക്കുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് ഉടമകളറിയാതെ ബിറ്റ്‌കോയിന് സമാനമായ ഡിജിറ്റല്‍ കറന്‍സി നിര്‍മിക്കുകയാണ് പ്രോഗ്രാമിന്റെ രീതി. ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ പ്രചരിപ്പിച്ച മൊനേറോ എന്ന ഡിജിറ്റല്‍ കറന്‍സിയാണ് പ്രധാന ലക്ഷ്യം. ഏപ്രില്‍ മുതല്‍ ഇതിന്‍റെ വ്യാപനം തുടങ്ങിയെന്നാണ് സൂചന.

പണംതന്നെയായിരുന്നു വാനാക്രൈ ആക്രമണത്തിന്റെ ലക്ഷ്യമെന്നു പ്രമുഖ സൈബർ സുരക്ഷാ സ്ഥാപനമായ സിമാന്റെക് വ്യക്തമാക്കുന്നു. പത്തു ലക്ഷം ഡോളര്‍ ഈ രീതിയില്‍ സമ്പാദിച്ചെന്നാണ് കണക്ക്. വാനാക്രൈ ആക്രമണത്തിന് പിന്നാലെ 56 കോടി ഇമെയിലുകളും പാസ്‌വേഡുകളും ഇന്റര്‍നെറ്റിലൂടെ പുറത്തായതായി പ്രമുഖ സൈബര്‍ സുരക്ഷാസ്ഥാപനമായ ക്രോംടെക്ക് റിസര്‍ച് സെന്റര്‍ അറിയിച്ചു. ലിങ്ക്ഡ്ഇന്‍, അഡോബി, ഡ്രോപ്‌ബോക്‌സ് തുടങ്ങിയ സൈറ്റുകളില്‍നിന്നാണു പാസ്വേഡുകള്‍ ചോര്‍ന്നതെന്നാണു സൂചന.

ഇന്ത്യയില്‍ വാനാക്രൈ ആക്രമണം തിരുപ്പതി ക്ഷേത്ര ഓഫിസ് കംപ്യൂട്ടറുകളെയും ഒഡീഷയിലെ സര്‍ക്കാര്‍ ആശുപത്രി കംപ്യൂട്ടറുകളെയും ബാധിച്ചു. ഇടുക്കിയിലെ മറയൂരില്‍ കാന്തല്ലൂര്‍ പഞ്ചായത്ത് ഓഫിസിലെ കംപ്യൂട്ടറിലും പാലക്കാട് ഡിവിഷനല്‍ റെയില്‍വേ ഓഫിസിലെ കംപ്യൂട്ടറുകളിലും വൈറസ് ബാധയുണ്ടായി. വാനാക്രൈ സൈബര്‍ ആക്രമണം സമൂഹ മാധ്യമങ്ങള്‍ വഴി സ്മാര്‍ട് ഫോണുകളിലേക്കും പടരാന്‍ സാധ്യതയേറെയാണെന്ന വിവരത്തെ തുടര്‍ന്നു സംസ്ഥാനത്തു ജാഗ്രതാ നിര്‍ദേശമുണ്ട്.