സിലിക്കണ്‍വാലി: ജനുവരി ഒന്നു മുതൽ ഫേസ്ബുക്കിന്റെ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ് നിരവധി ഡിവൈസുകളിൽ പ്രവർത്തിക്കില്ല. ഔദ്യോഗികമായി വാട്ട്സ്ആപ്പ് ഇക്കാര്യം സ്ഥിരീകരിച്ചു. ബ്ലാക്ക്ബെറി ഒഎസ്, ബ്ലാക്ക്ബെറി 10, വിൻഡോസ് ഫോണ്‍ 8.0, വിൻഡോസ് ഫോണ്‍ 7 തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാണ് ജനുവരി ഒന്നു മുതൽ സേവനം വാട്സ്ആപ് മതിയാക്കുന്നത്.
ഈ പ്ലാറ്റ്ഫോമുകൾക്കുവേണ്ടിയുള്ള വാട്സ്ആപ്പിന്റെ ആപ് ഡെവലപ്പ്മെൻറ് സേവനങ്ങൾ കന്പനി നിർത്തലാക്കി. ഭാവിയിൽ ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്ന ഫീച്ചർ അപ്ഡേറ്റുകൾ ഇത്തരം പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നടപടികളിലേക്കു നീങ്ങിയത്.
നിലവിൽ മേൽപ്പറഞ്ഞ പ്ലാറ്റ്ഫോമുകളിൽ വാട്സ്ആപ് ഉപയോഗിക്കുന്നവർ പുതിയ ഒഎസിലേക്ക് അപ്ഡേറ്റ് ചെയ്യുകയോ ആൻഡ്രോയ്ഡ് റണ്ണിംഗ് ഒഎസിലേക്കു മാറുകയോ ചെയ്യണമെന്നാണ് കന്പനി നിർദേശിക്കുന്നത്. ആൻഡ്രോയ്ഡ് 4.0നു മുകളിലേക്കുള്ള വേർഷനുകളിലായിരിക്കും വാട്സ്ആപ് സുഗമമായി പ്രവർത്തിക്കുക.
ഈ വർഷം അവസാനത്തോടെ ബ്ലാക്ക്ബെറി ഒഎസ്, ബ്ലാക്ക്ബെറി 10, വിൻഡോസ് ഫോണ്‍ 8.0 എന്നിവയിൽ വാട്സ്ആപ് പ്രവർത്തനരഹിതമാകുന്പോൾ നോകിയ എസ് 40ൽ അടുത്തവർഷം ഡിസംബർ 31ന് പ്രവർത്തനം അവസാനിപ്പിക്കും. 2020 ഫെബ്രുവരി ഒന്നിന് ആൻഡ്രോയ്ഡ് 2.3.7നു മുന്പുള്ളവയിൽ വാട്സ്ആപ് പ്രവർത്തനം നിലയ്ക്കും. ഈ വർഷം ജൂണ്‍ മുപ്പതോടുകൂടി നോകിയ സിംബിയൻ എസ്60 ഒഎസിലുള്ള ഫോണുകളിൽ വാട്സ്ആപ് പ്രവർത്തനം നിലച്ചിരുന്നു.
