ടെക്കികള്‍ക്കായി ഗംഭീര ഓഫറുകളുമായി ന്യൂസിലാന്‍ഡ്. തലസ്ഥാനമായ വെല്ലിങ്ടണിലെ ഐ ടി പാര്‍ക്കിലേക്കാണ് ടെക്കികളുടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജോലിക്കുവേണ്ടിയുള്ള ഇന്റര്‍വ്യൂവിന് എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക്, ന്യൂസിലാന്‍ഡിലേക്കും അവിടെനിന്ന് തിരികെ ലോകത്തിന്റെ ഏതു കോണിലേക്കും സൗജന്യ യാത്രയാണ് ഏറ്റവും ആകര്‍ഷകമായ സംഗതി. ഇതിനൊപ്പം സൗജന്യ താമസവും വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് സൗജന്യ ട്രിപ്പുകളും വാഗ്ദ്ധാനം ചെയ്യുന്നുണ്ട്. വെല്ലിങ്ടണ്‍ പ്രധാനപ്പെട്ട ഒരു ടെക് ഹബ് ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി, ലൂക്ക്സീ എന്ന പേരില്‍ മിടുക്കരായ ടെക്കികളില്‍നിന്ന് അപേക്ഷ ക്ഷണിക്കുന്നത്. അഭിമുഖത്തിനായി ന്യൂസിലാന്‍ഡിലേക്ക് വരുന്നവര്‍ക്കും സൗജന്യ വിമാന ടിക്കറ്റ് കമ്പനി എടുത്തു നല്‍കുന്നുണ്ട്. വെല്ലിങ്ടണ്‍ കോര്‍പറേഷന്‍ മുന്‍കൈ എടുത്താണ് ടെക്കികള്‍ക്കായി അഭിമുഖം നടത്തുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ വിവരസാങ്കേതികവിദ്യയിലും സോഫ്റ്റ്‌വെയര്‍ മേഖലയിലും ലോകത്തെ പ്രധാനപ്പെട്ട സ്ഥാനം കൈവരിക്കുകയാണ് ന്യൂസിലാന്‍ഡ് ലക്ഷ്യമിടുന്നത. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുകയും സി വി അപ്‌ലോഡ് ചെയ്യുകയുമാണ് ഉദ്യോഗാര്‍ത്ഥികള്‍ ആദ്യം ചെയ്യേണ്ടത്. അതിനുശേഷം വീഡിയോ ഇന്റര്‍വ്യൂ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ നേരിട്ടുള്ള അഭിമുഖത്തിന് ഹാജരാകണം. ഏതായാലും ഗംഭീര വാഗ്ദ്ധാനങ്ങള്‍ മുന്നോട്ടുവെച്ചത് കൊണ്ട് മിടുക്കരായ ഉദ്യോഗാര്‍ത്ഥികളെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ന്യൂസിലാന്‍ഡിലെ ഐടി കമ്പനികള്‍.