Asianet News MalayalamAsianet News Malayalam

സന്തോഷ വാര്‍ത്ത, നീലക്കാളകള്‍ ഇന്നും കാട്ടിലുണ്ട്, ജീവനോടെ!

  • നീലക്കാള അഥവാ നീല്‍ഗയ് എന്ന മൃഗം വീണ്ടും മനുഷ്യ നേത്രങ്ങള്‍ക്കു മുന്‍പില്‍
  • ഇതിനു മുമ്പ് കണ്ടെത്തിയത് 1952 ല്‍ സത്യമംഗലം കാടുകള്‍ക്കടുത്ത്
nilgai spotted in karnataka

ബാംഗ്ലൂര്‍: ജീവലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് നീലക്കാള അഥവാ നീല്‍ഗയ് എന്ന മൃഗം വീണ്ടും മനുഷ്യ നേത്രങ്ങള്‍ക്കു മുന്‍പില്‍ ദൃശമായി. കര്‍ണ്ണാടകയിലെ മുത്തോടി റെഞ്ചിലെ ബാദ്ര ടൈഗര്‍ റിസര്‍വില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് ഗാര്‍ഡുകളാണ് പൂര്‍ണ്ണ ആരോഗ്യമുളള നീല്‍ഗായിയെ കണ്ടത്. 1952 ല്‍ സത്യമംഗലം കാടുകള്‍ക്കടുത്ത് നിന്നാണ് നീല്‍ഗായിയെ ഇതിന് മുന്‍പ് കണ്ടെതായി റിപ്പോര്‍ട്ടുളളത്. 

ടൈഗര്‍ റിസര്‍വിന്‍റെ ഭാഗമായ ടൂറിസം സോണിലെ സഫാരി റോഡിലൂടെ ഒറ്റയ്ക്ക് നടന്നുപോകുന്നതായാണ് ഫോറസ്റ്റ് അധികൃതര്‍ നീല്‍ഗയിയെ കണ്ടത്. മൈസൂര്‍ മൃഗശാലയില്‍ 80 തോളം നീലക്കാളകളെ സംരക്ഷിക്കുന്നുണ്ട്. പക്ഷേ സ്വഭാവിക ആവാസ വ്യവസ്ഥയില്‍ നീല്‍ഗയിയെ കാണുന്നത് കാലങ്ങള്‍ക്ക് ശേഷമാണെന്നതാണ് പ്രത്യേകത.

വനത്തില്‍ വര്‍ദ്ധിച്ചു വന്ന വേട്ടയാടലാണ് നീല്‍ഗയിയെ വംശനാശ ഭീഷണിയുടെ അരികിലെത്തിച്ചിരിക്കുന്നത്. ബാദ്ര ടൈഗര്‍ റിസര്‍വില്‍ സ്ഥാപിച്ച ക്യാമറകളും കടുവകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയും ഈ മേഖലയിലെ വേട്ടയാടലില്‍ കുറവ് വരുത്തിയിട്ടുണ്ട്.

ഏഷ്യയിലെ എറ്റവും വലിയ ആന്‍ഡിലോപ്പായ നീല്‍ഗയിയെ മൂന്നാം ഷെഡൂള്‍ഡ് സ്പീഷ്യസായാണ് പരിഗണിക്കുന്നത്. മലയാളത്തില്‍ നീലക്കാള എന്നറിയപ്പെടുന്ന നീല്‍ഗായി കാഴ്ച്ചയിൽ പശുവിനെ പോലെ തോന്നിക്കുമെങ്കിലും മാൻ വർഗ്ഗത്തിൽപ്പെടുന്ന മൃഗമാണ്. മങ്ങിയ ചാരനിറം കലർന്ന നീലയാണ് ഇതിന്റെ നിറം. പെൺ മൃഗങ്ങൾ ചെമ്പ്‌ നിറത്തിലാണ്. ഏകദേശം അഞ്ചടിയോളം ഉയരവും 240 കിലോയോളം ഭാരവുമുള്ള ഇവയെ ഇന്ത്യ, പാകിസ്താൻ, ദക്ഷിണ നേപ്പാൾ എന്നിവിടങ്ങളിലാണ് കണ്ടു വരുന്നത്.

   

Follow Us:
Download App:
  • android
  • ios