വിമാനത്താവളങ്ങളിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബ്രാന്‍ഡഡ് അല്ലാത്ത പവര്‍ ബാങ്കുകള്‍ യാത്രക്കാര്‍ കൊണ്ടുവരരുതെന്ന് നിര്‍ദ്ദേശം. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവള അധികൃതരാണ് ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. കഴിഞ്ഞദിവസം ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ ചുവടുപിടിച്ചാണ് കൊച്ചി വിമാനത്താവള അധികൃതര്‍ പുതിയ നിര്‍ദ്ദേശം പുറത്തിറക്കിയത്. നിലവാരം കുറഞ്ഞ പവര്‍ ബാങ്കുകള്‍ പൊട്ടിത്തെറിക്കാൻ സാധ്യത കൂടുതലായതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം പുറത്തിറക്കിയത്. കേരളത്തിൽ ഉള്‍പ്പടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഈ നിര്‍ദ്ദേശം പ്രാബല്യത്തിലായിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിൽ ചില യാത്രക്കാര്‍ ഒളിപ്പിച്ചുകൊണ്ടുവന്ന പവര്‍ബാങ്കുകള്‍ പരിശോധനയിൽ പിടിച്ചെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ സിയാൽ അധികൃതരോട് സുരക്ഷാ പരിശോധന കര്‍ക്കശമാക്കാൻ നിര്‍ദ്ദേശിച്ചിരുന്നു. കാര്‍ഗോ വഴി പവര്‍ബാങ്ക് കൊണ്ടുപോകുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.