സ്‍മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച് യുപിഐ പേയ്‌മെന്‍റുകൾ നടത്താനുള്ള സൗകര്യം അവതരിപ്പിച്ച് നാഷണൽ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ). കുറഞ്ഞ തുകയുടെ യുപിഐ ലൈറ്റ് ഇടപാടുകളാണ് ഇത്തരത്തില്‍ നടത്താനാവുക. 

മുംബൈ: ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനം പുതിയ തലത്തിലേക്ക് ഉയരുന്നു. ഇനി സ്‍മാർട്ട് ഗ്ലാസുകൾ വഴിയും നിങ്ങൾക്ക് യുപിഐ പേയ്‌മെന്‍റുകൾ നടത്താൻ സാധിക്കും. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025-ൽ നാഷണൽ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) ഈ നൂതന സവിശേഷത അവതരിപ്പിച്ചു. ഒരു ക്യുആർ സ്‍കാൻ ചെയ്‌തുകൊണ്ട് ഉപയോക്താക്കൾക്ക് ഹാൻഡ്‌സ്-ഫ്രീയും സുരക്ഷിതവുമായ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയുമെന്നും, സ്‌മാർട്ട് ഗ്ലാസുകളിൽ വോയ്‌സ് വഴി പേയ്‌മെന്‍റുകൾ നടത്താന്‍ സാധിക്കുമെന്നും, ഫോണിന്‍റെയോ പിൻ നമ്പറിന്‍റെയോ ആവശ്യം ഇതിനില്ലെന്നും എൻ‌പി‌സി‌ഐ പ്രസ്‌താവനയിൽ പറഞ്ഞു. ഡിജിറ്റൽ ഇടപാടുകൾ വേഗത്തിലും എളുപ്പത്തിലും ഹാൻഡ്‌സ് ഫ്രീയും ആക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.

സ്‌മാര്‍ട്ട് ഗ്ലാസുകള്‍ ഉപയോഗിച്ച് യുപിഐ

ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025-ൽ യു‌പി‌ഐയുമായി ബന്ധപ്പെട്ട നിരവധി പുതിയ ഹൈടെക് സവിശേഷതകൾ എൻ‌പി‌സി‌ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഒന്നാണ് സ്‍മാർട്ട് ഗ്ലാസുകളുമായി ബന്ധപ്പെട്ട പുതിയ ഫീച്ചർ. സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച് ഫോണിൽ തൊടാതെ തന്നെ ഉപയോക്താക്കൾക്ക് എങ്ങനെ പേമെന്‍റ് നടത്താം എന്ന് കാണിച്ചുതരുന്ന ഒരു ഡെമോ വീഡിയോയും എൻ‌പി‌സി‌ഐ പ്രദര്‍ശിപ്പിച്ചു. പുതിയ സംവിധാനം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്‍മാർട്ട് ഗ്ലാസുകൾ വഴി ചെറിയ പേയ്‌മെന്‍റുകൾ നടത്താൻ കഴിയും. ഒരു ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് വോയ്‌സ് കമാൻഡ് നൽകിയാൽ പേയ്‌മെന്‍റ് ഓട്ടോമാറ്റിക്കായി പ്രോസസ് ചെയ്യപ്പെടും. ഈ ഫീച്ചറിന് മൊബൈൽ ഫോണോ പിൻ നമ്പറോ ആവശ്യമില്ല. നിലവിൽ ഈ ഫീച്ചർ യുപിഐ ലൈറ്റ് ഇടപാടുകൾക്കുള്ളതാണ്. റീട്ടെയിൽ, ട്രാൻസിറ്റ് അല്ലെങ്കിൽ ഫുഡ് പേയ്‌മെന്‍റുകൾ പോലുള്ള ചെറിയ പേയ്‌മെന്‍റുകള്‍ക്ക് ഇത് ഉപയോഗിക്കാം.

നാഷണൽ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ആണ് യുപിഐ അഥവാ യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് പ്ലാറ്റ്‌ഫോമിന്‍റെ ഉടമസ്ഥാവകാശവും നടത്തിപ്പും നിർവ്വഹിക്കുന്നത്. സ്‌മാർട്ട് ഗ്ലാസുകളിൽ യുപിഐ ലൈറ്റ് ചേർക്കുന്നത് ഉപഭോക്താക്കൾക്ക് ഡിജിറ്റല്‍ പേയ്‌മെന്‍റ് സൗകര്യം വർധിപ്പിക്കുകയും ആഗോളതലത്തിൽ ഡിജിറ്റൽ പേയ്‌മെന്‍റ് നവീകരണത്തിൽ ഇന്ത്യയുടെ നേതൃത്വത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് എൻ‌പി‌സി‌ഐ പറഞ്ഞു.

പരിഷ്‌കരണങ്ങളുമായി എന്‍പിസിഐ

സ്‌മാർട്ട്ഗ്ലാസ് പേയ്‌മെന്‍റുകൾക്കൊപ്പം, എൻ‌പി‌സി‌ഐ ഓൺ-ഡിവൈസ് ബയോമെട്രിക് ഒതന്‍റിക്കേഷനും അവതരിപ്പിച്ചിട്ടുണ്ട്. അതായത്, പിൻ നൽകാതെ തന്നെ നിങ്ങളുടെ ഫിംഗർപ്രിന്‍റ് അല്ലെങ്കിൽ ഫേസ് അൺലോക്ക് ഉപയോഗിച്ച് ഇപ്പോൾ നിങ്ങൾക്ക് യുപിഐ പേയ്‌മെന്‍റുകൾ നടത്താം. ഈ സവിശേഷത ഓപ്ഷണലാണ്. മാത്രമല്ല എല്ലാ ഇടപാടുകളും ബാങ്ക് പരിശോധിക്കും. പിൻ നൽകുന്നതിൽ ബുദ്ധിമുട്ടുന്ന മുതിർന്ന പൗരന്മാർക്കും പുതിയ ഉപയോക്താക്കൾക്കും ഈ സവിശേഷത പ്രത്യേകിച്ചും സഹായകരമാകും എന്ന് എൻ‌പി‌സി‌ഐ പറയുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്