തിരുവനന്തപുരം: ഓണത്തെ വിക്കിയിലാക്കാന്‍ മലയാളം വിക്കിപീഡിയ ഒരുങ്ങുന്നു. അത്തം മുതല്‍ ചതയം വരെയുള്ള ദിവസങ്ങളില്‍ ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വിക്കിപീഡിയയുടെ ഭാഗമായ വിക്കികോമണ്‍സിലേക്ക് അപ്‍ലോഡ് ചെയ്യുന്ന പരിപാടിയാണ് പ്രവര്‍ത്തകര്‍ ആവിഷ്കരിച്ചിരിക്കുന്നത്. 

ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പേരിലാണ് പരിപാടി നടക്കുന്നത്. ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, ശബ്ദരേഖകള്‍, ചലച്ചിത്രങ്ങള്‍, ചിത്രീകരണങ്ങള്‍, മറ്റു രേഖകള്‍ തുടങ്ങിയവയെല്ലാം സ്വതന്ത്രലൈസന്‍സോടെ സമൂഹത്തിനായി സംഭാവന ചെയ്യുന്ന പരിപാടിയാണ് 'ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു'. ഓണവുമായി വൈജ്ഞാനിക സ്വഭാവമുള്ളതും സ്വയം എടുത്തതുമായ ചിത്രങ്ങള്‍  2016 സെപ്തംബര്‍  4 മുതല്‍ സെപ്തംബര്‍ 16 വരെയുള്ള തീയതികളിള്‍ മലയാളം വിക്കിപീഡിയയിലോ, വിക്കിമീഡിയ കോമണ്‍സിലോ ആര്‍ക്കും അപ്‌ലോഡ് ചെയ്യാവുന്നതാണ്. 

സ്വതന്ത്രമായ ഉപയോഗാനുമതിയുള്ള മറ്റു ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാവുന്നതാണ്. സ്വതന്ത്രലൈസന്‍സോടെ വിക്കികോമണ്‍സില്‍ ചേര്‍ക്കപ്പെടുന്ന ചിത്രങ്ങളും മറ്റു രേഖകളും ഇന്‍റര്‍നെറ്റ് ഉള്ളിടത്തോളം കാലം ആര്‍ക്കും കടപ്പാടോടെ ഉപയോഗിക്കാനാകും. 

തൃക്കാക്കര അമ്പലം, തൃപ്പൂണിത്തുറ അത്തച്ചമയം, പുലികളി, വള്ളംകളി, ഓണപ്പൊട്ടന്‍, തൃക്കാക്കരയപ്പന്‍, ഓണസദ്യ, ഊഞ്ഞാലാട്ടം, ഓണത്തല്ല്, ഓണക്കോടി, ഓണപ്പൂക്കള്‍,  ഓണപ്പൂക്കളമൊരുക്കാന്‍ ഉപയോഗിക്കുന്ന പൂക്കള്‍ ലഭിക്കുന്ന സപുഷ്പി സസ്യങ്ങള്‍, ഓണപ്പാട്ടുകളുടെ ശബ്ദരേഖ, ഓണവുമായി സാമ്യമുള്ള മറ്റ് ആഘോഷങ്ങള്‍, പൂക്കളം തുടങ്ങി ഏതു മേഖലയുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റു രേഖകളും അപ്‍ലോഡ് ചെയ്യാവുന്നതാണ്. 

ഈ ചിത്രങ്ങള്‍ മാധ്യമങ്ങളുള്‍പ്പെട ആര്‍ക്കുവേണമെങ്കിലും സൗജന്യമായി പിന്നീട് ഉപയോഗിക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ ചിത്രങ്ങള്‍ എടുത്തയാള്‍ക്ക് കൃത്യമായ കടപ്പാട് നല്‍കണമെന്നും വിക്കിപീഡിയ പ്രവര്‍ത്തകര്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി സംശയങ്ങള്‍ തീര്‍ക്കാന്‍ https://ml.wikipedia.org/wiki/WP:Onam_loves_Wikimedia എന്ന പേജും ഒരുക്കിയിട്ടുണ്ട്.