ഇന്ത്യയിലുള്ളവര്‍ക്ക് ഇനി ഒരു വര്‍ഷക്കാലം ചാറ്റ്ജിപിടി ഗോ പ്ലാൻ സൗജന്യമായി ഉപയോഗിക്കാമെന്ന് ഓപ്പണ്‍എഐയുടെ പ്രഖ്യാപനം. മാസം 399 രൂപ ഈടാക്കി ഓപ്പണ്‍എഐ നാളിതുവരെ നല്‍കിയിരുന്ന പ്ലാനാണിത്. 

ബെംഗളൂരു: ഇന്ത്യയില്‍ ഓപ്പൺഎഐ അവരുടെ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയുടെ ഗോ പ്ലാൻ (ChatGPT Go) ഒരു വര്‍ഷത്തേക്ക് സൗജന്യമാക്കി. പരിമിതമായ കാലയളവിലേക്കുള്ള ഈ ഓഫര്‍ 2025 നവംബർ നാല് മുതൽ രാജ്യത്ത് ലഭിക്കും. ഇന്ത്യയടക്കമുള്ള വിപണികളെ ലക്ഷ്യമിട്ടുള്ള ചാറ്റ്‌ജിപിടിയുടെ മിഡ്-ടയര്‍ പ്ലാനാണ് മാസംതോറും 399 രൂപ ഈടാക്കിയിരുന്ന 'ചാറ്റ്ജിപിടി ഗോ' സബ്‌സ്‌ക്രിപ്ഷന്‍. ഈ ചാറ്റ്‌ജിപിടി പ്ലാനാണ് ഇപ്പോള്‍ ഒരു വര്‍ഷക്കാലത്തേക്ക് ഇന്ത്യയിലുള്ളവര്‍ക്ക് ഓപ്പണ്‍എഐ സൗജന്യമാക്കിയിരിക്കുന്നത്. ഭാരതി എയര്‍ടെല്ലുമായി സഹകരിച്ച് സൗജന്യ എഐ സേവനം നല്‍കുന്ന പെര്‍പ്ലെക്‌സിറ്റിക്കും 19,500 രൂപ വിലയുള്ള എഐ പ്രോ മെമ്പര്‍ഷിപ്പ് വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യമാക്കിയ ഗൂഗിളിനും നേരിട്ട് വെല്ലുവിളിയുയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ചാറ്റ്ജിപിടി ഗോ പ്ലാൻ ഓപ്പണ്‍എഐ ഒരു വര്‍ഷക്കാലത്തേക്ക് ഇപ്പോള്‍ സൗജന്യമാക്കിയിരിക്കുന്നത്.

എന്താണ് ചാറ്റ്ജിപിടി ഗോ പ്ലാന്‍? സവിശേഷതകള്‍ വിശദമായി

സൗജന്യ പ്ലാനിനും ചാറ്റ്‌ജിപിടി പ്ലസിനും മധ്യേയുള്ള സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനായ ചാറ്റ്‌ജിപിടി ഗോ ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ഓപ്പൺഎഐ അവതരിപ്പിച്ചത്. ചാറ്റ്‌ജിപിടി ഗോ പ്ലാനിന് പ്രതിമാസം 399 രൂപയായിരുന്നു ഓപ്പണ്‍എഐ ഈടാക്കിയിരുന്നത്. 1,999 രൂപ വിലവരുന്ന ചാറ്റ്‌ജിപിടി പ്ലസ് പ്ലാനുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ താങ്ങാനാവുന്ന നിരക്കിലുള്ളതും വിദ്യാര്‍ഥികള്‍ അടക്കമുള്ള സാധാരണക്കാരെ ആകര്‍ഷിക്കുന്നതുമായിരുന്നു 399 രൂപയുടെ ചാറ്റ്ജിപിടി ഗോ പ്ലാൻ. ചാറ്റ്ജിപിടിയുടെ സൗജന്യ പ്ലാനില്‍ നിന്ന് വ്യത്യസ്‌തമായി കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാനും ഫയലുകള്‍ അപ്‌ലോഡ് ചെയ്യാനും വിശകലനം ചെയ്യാനും സംഗ്രഹിക്കാനുമെല്ലാം ഗോ പ്ലാന്‍ വഴി ഉപയോക്താക്കള്‍ക്കാകുന്നു. സൗജന്യ പ്ലാനിലുണ്ടായിരുന്ന എല്ലാ ഫീച്ചറുകള്‍ക്കും പുറമെ ജിപിടി-5 ആക്‌സസ്, ഇമേജ് ജനറേഷന്‍ വിപുലീകരണം, ഫയല്‍ അപ്‌ലോഡിംഗിലെ വര്‍ധനവ്, കസ്റ്റം ജിപിടികളിലേക്കുള്ള ആക്‌സസ് തുടങ്ങി അനേകം സവിശേഷതകള്‍ ചാറ്റ്‌ജിപിടി ഗോയിലുണ്ട്.

ചാറ്റ്‌ജിപിടി ഗോ ആദ്യമായി ലഭിച്ച വിപണികളിൽ ഒന്നാണ് ഇന്ത്യ. ലോഞ്ച് ചെയ‌്‌ത ആദ്യ മാസത്തിനുള്ളിൽ തന്നെ രാജ്യത്ത് പണമടച്ചുള്ള ചാറ്റ്‍ജിപിടി വരിക്കാരുടെ എണ്ണം ഇരട്ടിയിലധികമായി, ഇത് ലോകമെമ്പാടുമുള്ള 90-ഓളം വിപണികളിലേക്ക് ചാറ്റ‌്‌ജിപിടി ഗോ പ്ലാൻ വ്യാപിപ്പിക്കാന്‍ ഓപ്പൺഎഐയെ പ്രേരിപ്പിച്ചു. ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന DevDay Exchange ഇവന്‍റിന് മുന്നോടിയായി കൂടുതൽ ഉപയോക്താക്കളെ ചാറ്റ്‌ജിപിടിയിലേക്ക് ആകർഷിക്കുന്നതിനുള്ള ഒരു തന്ത്രമാണ് ചാറ്റ്‌ജിപിടി ഗോ പ്ലാൻ ഇപ്പോൾ ഓപ്പണ്‍എഐ സൗജന്യമായി ലഭ്യമാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ചാറ്റ്‌ജിപിടിയുടെ വിവിധ ഇന്ത്യന്‍ പ്ലാനുകള്‍

നാല് പ്ലാനുകളാണ് ഓപ്പണ്‍എഐയുടെ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടിക്ക് ഇന്ത്യയിലുള്ളത്. പരിമിതമായ ഫീച്ചറുകളോടെയുള്ള ഫ്രീ പ്ലാനാണ് ഇതിലാദ്യത്തേത്. പ്രതിമാസം 399 രൂപയുടെ ചാറ്റ്‌ജിപിടി ഗോ പ്ലാനും 1,999 രൂപയുടെ പ്ലസ് പ്ലാനും 19,999 രൂപയുടെ പ്രോ പ്ലാനുമാണ് മറ്റുള്ളവ. ചാറ്റ്‌ജിപിടിയുടെ സൗജന്യ പ്ലാനും പ്ലസ് പ്ലാനും തമ്മിലുള്ള വിടവ് നികത്താല്‍ ഗോ സ്‌കീമിലൂടെ ഓപ്പണ്‍എഐ ലക്ഷ്യമിടുന്നു. 399 രൂപയുടെ ചാറ്റ്‌ജിപിടി ഗോ പ്ലാന്‍ എത്തിയതോടെ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ചാറ്റ്‌ജിപിടി സേവനങ്ങള്‍ ഉപയോഗിക്കാന്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായിരുന്നു. എന്നാല്‍ പ്രീമിയം പ്ലാന്‍ എയര്‍ടെല്‍ വരിക്കാര്‍ക്ക് സൗജന്യമാക്കി പെര്‍പ്ലെക്‌സിറ്റി എഐ ഇന്ത്യയില്‍ വിപണി വിഹിതം ഉയര്‍ത്തിയിരുന്നു. പിന്നാലെ വിദ്യാര്‍ഥികള്‍ക്കായി ഗൂഗിളിന്‍റെ പ്രഖ്യാപനവും വന്നു. ഇതിന് വെല്ലുവിളിയുയര്‍ത്തുക ലക്ഷ്യമിട്ടാണ് ഓപ്പണ്‍എഐ ഇപ്പോള്‍ ചാറ്റ്‌ജിപിടി ഗോ പ്ലാന്‍ ഒരു വര്‍ഷത്തേക്ക് ഇന്ത്യയില്‍ സൗജന്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ചാറ്റ്‌ജിപിടി അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യ.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്