ഇന്ത്യയില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും സഹായിക്കാന്‍ ഓപ്പണ്‍എഐയുടെ ലേണിംഗ് ആക്‌സിലറേറ്റർ പ്രോഗ്രാം, ഈ പദ്ധതി ലോകത്ത് ആദ്യം അവതരിപ്പിച്ചത് ഇന്ത്യയില്‍

ദില്ലി: ഓപ്പൺഎഐ ഇന്ത്യയിൽ ലേണിംഗ് ആക്‌സിലറേറ്റർ പ്രോഗ്രാം ആരംഭിച്ചു. ഈ സംരംഭത്തിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. വിദ്യാഭ്യാസ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇന്ത്യൻ പാഠ്യപദ്ധതിയിലും പ്രാദേശിക ഭാഷകളിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും ഓപ്പണ്‍എഐയുടെ ലേണിംഗ് ആക്‌സിലറേറ്റർ പ്രോഗ്രാം.

ഇന്ത്യൻ പാഠ്യപദ്ധതിക്ക് അനുസൃതമായി ഉയർന്ന നിലവാരമുള്ള ഉത്തരങ്ങൾ നൽകുന്നതിനാണ് ചാറ്റ്ജിപിടിയുടെ പുതിയ പഠന രീതി രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് ഓപ്പൺഎഐയുടെ വൈസ് പ്രസിഡന്‍റ് (എഡ്യുക്കഷൻ) ലിയ ബെൽസ്‌കി പറഞ്ഞു. വരുംകാലത്ത് തങ്ങളുടെ മോഡലുകൾ ഇന്ത്യൻ വിദ്യാർഥികളുമായി അവരുടെ ഭാഷകളിലും പഠന സന്ദർഭങ്ങളിലും കൂടുതൽ ഫലപ്രദമായി ആശയവിനിമയം നടത്തുമെന്നും ലിയ ബെൽസ്‌കി വ്യക്തമാക്കി. ഈ വർഷം അവസാനം ദില്ലിയിൽ ഇന്ത്യയിലെ ആദ്യ ഓഫീസ് തുറക്കാൻ ഓപ്പൺഎഐ ഒരുങ്ങുന്നതിനിടെയാണ് വിദ്യാഭ്യാസ മേഖലയിലെ കമ്പനിയുടെ ഈ മുന്നേറ്റം. ഓപ്പൺഎഐ സ്ഥാപകൻ സാം ആൾട്ട്മാൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കുന്നുമുണ്ട്.

ലേണിംഗ് ആക്‌സിലറേറ്റർ പ്രോഗ്രാമിന്‍റെ ഭാഗമായി ഓപ്പൺഎഐ, ഐഐടി മദ്രാസുമായി 500,000 ഡോളർ ധനസഹായത്തോടെ ഒരു ഗവേഷണ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പഠന ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനും, നൂതനമായ അധ്യാപനത്തെ പിന്തുണയ്ക്കുന്നതിനും, കോഗ്നിറ്റീവ് ന്യൂറോ സയൻസിൽ നിന്നുള്ള അറിവ് വിദ്യാഭ്യാസത്തിൽ എങ്ങനെ പ്രയോഗിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എങ്ങനെ സഹായിക്കും എന്നതിനെക്കുറിച്ചുള്ള ദീർഘകാല പഠനങ്ങൾ ഇതിൽ ഉൾപ്പെടും.

അടുത്ത ആറ് മാസത്തിനുള്ളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കുമായി ഏകദേശം അഞ്ച് ലക്ഷം സൗജന്യ ചാറ്റ്ജിപിടി അക്കൗണ്ടുകൾ ഓപ്പൺഎഐ വിതരണം ചെയ്യും. കൂടാതെ, പരീക്ഷകളിലും അസൈൻമെന്‍റുകളിലും ക്ലാസുകളിലും എഐ അധിഷ്‌ഠിത പഠനം സംയോജിപ്പിക്കാൻ സിബിഎസ്ഇ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളെയും വിദ്യാഭ്യാസ ബോർഡുകളെയും ഈ പരിപാടി സഹായിക്കും.

ഇന്ത്യയിലും ഏഷ്യാ പസഫിക്കിലുടനീളവും എഐ വഴി വിദ്യാഭ്യാസ അവസരങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പിക്കുന്നതിനായി, ഓപ്പൺഎഐ ഇന്ത്യയ്ക്കും ഏഷ്യാ പസഫിക്കിനുമുള്ള വിദ്യാഭ്യാസ മേധാവിയായി രാഘവ് ഗുപ്‍തയെ നിയമിച്ചു. വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യാനുള്ള കഴിവ് എഐക്കുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും ഇന്ത്യയിലെ 300 ദശലക്ഷത്തിലധികം വിദ്യാർഥികൾക്ക് ലോകോത്തര വിദ്യാഭ്യാസം നൽകുന്നതിന് വിഭവങ്ങളും ഗുണനിലവാരവും തമ്മിലുള്ള വിടവ് നികത്താൻ ഇതിന് കഴിയുമെന്നും അദേഹം പറഞ്ഞു. കൂടാതെ, പാഠങ്ങൾ വ്യക്തിഗതമാക്കുന്നതിനും, അഡ്‌മിനിസ്ട്രേറ്റീവ് ജോലികൾ ഓട്ടോമേറ്റ് ചെയ്യുന്നതിനും, ക്ലാസ് റൂം അധ്യാപനം കൂടുതൽ ഫലപ്രദമാക്കുന്നതിനും എഐ ടൂളുകൾ ഉപയോഗിക്കാൻ അധ്യാപകരെ പരിശീലിപ്പിക്കാൻ ഈ പ്രോഗ്രാം സഹായിക്കും.

Asianet News Live | Malayalam News Live | Onam 2025 | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News