മാക്ഒഎസ് പ്ലാറ്റ്‌ഫോമിലെ ചാറ്റ്‍ജിപിടി, കോഡെക്‌സ് തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കുന്നവർക്കായി ഓപ്പൺഎഐ ഒരു അടിയന്തര സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കി. ഒരു തേർഡ് പാർട്ടി ടൂളിനെ ലക്ഷ്യമിട്ടുണ്ടായ സപ്ലൈ ചെയിൻ ആക്രമണത്തെ തുടർന്നാണ് ഉപയോക്താക്കളോട് ആപ്പുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യാൻ കമ്പനി ആവശ്യപ്പെടുന്നത്.

മാക് ഉപയോക്താക്കൾക്കായി പുതിയ അടിയന്തിര സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കി ഓപ്പൺഎഐ. മാക്ഒഎസ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ചാറ്റ്‍ജിപിടി, കോഡെക്‌സ് എന്നിവ ഉൾപ്പെടെയുള്ള ആപ്പുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി ആവശ്യപ്പെട്ടു. അടുത്തിടെ കണ്ടെത്തിയ ഒരു സുരക്ഷാ പ്രശ്‌നത്തെ തുടർന്നാണ് ഈ നിർദേശം.

എന്താണ് മാക് ഉപയോക്താക്കൾക്കുള്ള അടിയന്തര മുന്നറിയിപ്പ്?

മാർച്ച് 31-ന് ആക്‌സിയോസ് എന്ന തേർഡ് പാർട്ടി ടൂളിനെ ലക്ഷ്യമിട്ട് നടന്ന ഒരു സപ്ലൈ ചെയിൻ ആക്രമണമാണ് പ്രശ്നത്തിന് കാരണം എന്ന് ഓപ്പൺഎഐ വ്യക്തമാക്കുന്നു. നിരവധി ഡെവലപ്പർമാർ ഉപയോഗിക്കുന്ന ആക്സിയോസ് ടൂൾ ഓപ്പൺഎഐയുടെ മാക്ഒഎസ് ആപ്പുകൾ യഥാർഥമാണെന്ന് സ്ഥിരീകരിക്കാൻ ഉപയോഗിക്കുന്നതാണ്. ഈ ടൂൾ ആക്രമണത്തിന് ഇരയായതോടെ ഓപ്പൺഎഐയുടെ ഓട്ടോമേറ്റഡ് സംവിധാനമായ ഗിറ്റ് ഹബ് ആക്ഷൻസ് വഴി ഒരു ദോഷകരമായ കോഡ് പ്രവർത്തിച്ചതായി കണ്ടെത്തി.

എന്നാൽ, ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റയോ കമ്പനിയുടെയും സിസ്റ്റങ്ങളോ ഈ ആക്രമണം ബാധിക്കപ്പെട്ടിട്ടില്ലെന്ന് ഓപ്പൺഎഐ വ്യക്തമാക്കി. ആപ്പുകളുടെ ഒറിജിനാലിറ്റി തെളിയിക്കുന്ന സുരക്ഷാ സർട്ടിഫിക്കറ്റുകൾ ഹാക്കർമാർക്ക് മോഷ്‌ടിക്കാൻ സാധിച്ചിട്ടില്ലെന്നും കമ്പനി ഉറപ്പുനൽകി. എങ്കിലും മുൻകരുതലായി പഴയ സർട്ടിഫിക്കറ്റുകൾ റദ്ദാക്കുകയും പുതിയ സുരക്ഷാ സർട്ടിഫിക്കറ്റുകൾ അവതരിപ്പിക്കുകയും ചെയ്യുകയാണ് തങ്ങളെന്നും ഓപ്പൺഎഐ പറയുന്നു.

ഇതിന്റെ ഭാഗമായി, പഴയ പതിപ്പുകളിലുള്ള ചാറ്റ്‍ജിപിടി ഡെസ്‌ക്‌ടോപ്പ്, കോഡെക്‌സ് ആപ്പ്, കോഡെക്‌സ് സിഎൽഐ, അറ്റ്‍ലസ് എന്നീ ആപ്പുകൾക്ക് ഇനി പിന്തുണ ലഭിക്കില്ല. 2026 മെയ് 8-ന് ശേഷം ഈ പഴയ പതിപ്പുകൾ പ്രവർത്തനരഹിതമാകും എന്നാണ് അറിയിപ്പ്. ഉപയോക്താക്കൾ അവരുടെ പാസ്‌വേഡുകൾ മാറ്റേണ്ടതില്ലെന്നും ഓപ്പൺഎഐ അറിയിച്ചു. എപിഐ കീകളും സുരക്ഷിതമാണെന്ന് കമ്പനി കൂട്ടിച്ചേർത്തു. കൂടാതെ ആൻഡ്രോയ്‌ഡ്, വിൻഡോസ്, ലിനകസ് പോലുള്ള മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ഈ പ്രശ്‍നത്തിൽ ബാധിക്കപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി.

മാക്ഒഎസ് ഉപയോക്താക്കൾക്ക് മാത്രമാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. ആപ്പിനുള്ളിലെ അപ്‌ഡേറ്റ് സംവിധാനത്തിലൂടെയോ ഔദ്യോഗിക ലിങ്കുകളിലൂടെയോ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി നിർദേശിക്കുന്നു. പഴയ സർട്ടിഫിക്കറ്റുകൾ ബ്ലോക്ക് ചെയ്‌തതിനാൽ, ചിലപ്പോൾ പുതിയ ഡൗൺലോഡുകൾക്കും തടസം ഉണ്ടാകാമെന്ന് ഓപ്പൺഎഐ മുന്നറിയിപ്പ് നൽകി. സുരക്ഷ ഉറപ്പാക്കുന്നതിനായി ഉപയോക്താക്കൾക്ക് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട് എന്നും ഈ സമയപരിധിക്കുള്ളിൽ അപ്‌ഡേറ്റ് പൂർത്തിയാക്കണം എന്നും കമ്പനി ആവശ്യപ്പെട്ടു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming