ഉപയോക്താക്കൾക്ക് എഐ വഴി പാട്ടുകൾ സൃഷ്‍ടിക്കാം, പുതിയ എഐ മ്യൂസിക് ജനറേഷന്‍ ടൂളുമായി ഓപ്പൺ എഐ വരുന്നു… എന്തൊക്കെയായിരിക്കും ഈ ടൂളിന്‍റെ പ്രത്യേകതകളെന്ന് വിശദമായി അറിയാം.
കാലിഫോര്‍ണിയ: എഐ കമ്പനിയായ ഓപ്പൺഎഐ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള സംഗീത ലോകത്ത് വലിയ ചുവടുവെപ്പിനൊരുങ്ങുന്നു. ടെക്സ്റ്റ്, ഓഡിയോ പ്രോംപ്റ്റുകളിൽ നിന്ന് സംഗീതം സൃഷ്‌ടിക്കാൻ കഴിയുന്ന ഒരു മ്യൂസിക് ജനറേഷൻ ടൂൾ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ ടൂൾ ഉപയോഗിച്ച് ഒരു ഉപയോക്താവിന് വേണമെങ്കിൽ ഒരു സംഗീതജ്ഞന്‍റെ സഹായമില്ലാതെ ഒരു വീഡിയോയിലേക്ക് പശ്ചാത്തല സംഗീതം ചേർക്കാനോ ഒരു പാട്ടിനായി ഒരു ഗിറ്റാർ ട്യൂൺ സൃഷ്‌ടിക്കാനോ കഴിയും. അതേസമയം ഈ ടൂൾ എപ്പോൾ പുറത്തിറങ്ങുമെന്ന് വ്യക്തമല്ല. എങ്കിലും, പ്രാരംഭ പരിശോധനയും വികസനവും അതിവേഗം പുരോഗമിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
എഐ സംഗീതം
ഈ പ്രോജക്റ്റിനായി പ്രശസ്‌തമായ ജൂലിയാർഡ് സ്‌കൂളിലെ വിദ്യാർഥികളുമായി ഓപ്പൺഎഐ സഹകരിച്ചിട്ടുണ്ട്. എഐ മോഡലുകൾക്കായി കൃത്യമായ പരിശീലന ഡാറ്റ നൽകുന്നതിനായി സംഗീത സ്കോറുകൾ വ്യാഖ്യാനിക്കാൻ ഈ വിദ്യാർഥികൾ സഹായിക്കുന്നു. സംഗീത പാറ്റേണുകളും വികാരങ്ങളും യന്ത്രങ്ങൾക്ക് എത്രത്തോളം അടുത്ത് പഠിക്കാനും പകർത്താനും കഴിയുമെന്ന് മനസിലാക്കുക എന്നതാണ് ഈ സഹകരണത്തിന്‍റെ ലക്ഷ്യം.
എഐ കാലത്ത് സംഗീതജ്ഞർ അപ്രത്യക്ഷമാകുമോ?
അതേസമയം, ജനറേറ്റീവ് മ്യൂസിക് മോഡലുകളിൽ ഓപ്പൺഎഐ പ്രവർത്തിക്കുന്നത് ഇതാദ്യമല്ല. ചാറ്റ്ജിപിടി ആരംഭിക്കുന്നതിന് മുമ്പുതന്നെ കമ്പനി ഈ വിഭാഗത്തില്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. സമീപ വർഷങ്ങളിൽ, ടെക്സ്റ്റ്-ടു-സ്‌പീച്ച്, സ്‌പീച്ച്-ടു-ടെക്സ്റ്റ് മോഡലുകളിലും ഓപ്പൺഎഐ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ ടൂൾ വിജയകരമായി വികസിപ്പിച്ചെടുത്താൽ പരമ്പരാഗത ഉപകരണങ്ങളോ സങ്കീർണ്ണമായ സോഫ്റ്റ്‌വെയറോ ഇല്ലാതെ സംഗീതം നിർമ്മിക്കുന്നതിനുള്ള നൂതനമായ ഒരു മാർഗം ലഭിക്കും. സംഗീതജ്ഞർക്കും വീഡിയോ എഡിറ്റർമാർക്കും കണ്ടന്‍റ് ക്രിയേറ്റേഴ്‌സിനുമൊക്കെ ഈ ടൂൾ സഹായകരമാകും. പ്രൊഫഷണൽ, വിദ്യാഭ്യാസ മേഖലകളിൽ എഐ സഹായത്തോടെയുള്ള സംഗീത രചനയ്ക്ക് പുതിയ അവസരങ്ങൾ ഇത് തുറന്നേക്കാം. എന്തായാലും എഐ ഇനി വെറും ചാറ്റ്ബോട്ടുകളില്‍ മാത്രമായി പരിമിതപ്പെടില്ല, മറിച്ച് കലയുടെയും സര്‍ഗ്ഗാത്മകതയുടെയും ലോകത്തേക്ക് കൂടി കടന്നുവരുന്നു എന്നതിന്‍റെ വ്യക്തമായ സൂചനയാണിത്.



