പെർപ്ലെക്‌സിറ്റിയുടെ എഐ സെർച്ച് ബ്രൗസറായ കോമറ്റ് ഇന്ത്യയിലെ വിൻഡോസ്, മാക് ഉപയോക്താക്കൾക്ക് ലഭ്യമാകും. പ്രോ സബ്‌സ്‌ക്രൈബർമാർക്കാണ് കോമറ്റ് ഉപയോഗിക്കാനാവുക.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ പെർപ്ലെക്‌സിറ്റിയുടെ എഐ സെർച്ച് ബ്രൗസറായ കോമറ്റ് ഇന്ത്യയിലെ വിൻഡോസ്, മാക് ഉപയോക്താക്കൾക്ക് ലഭ്യമാകും. പ്രോ സബ്‌സ്‌ക്രൈബർമാർക്ക് കോമെറ്റ് ലഭ്യമാകുമെന്ന് പെർപ്ലെക്‌സിറ്റിയുടെ സിഇഒ അരവിന്ദ് ശ്രീനിവാസ് അറിയിച്ചു. നിലവിൽ മാക്, വിൻഡോസ് ഉപകരണങ്ങളിൽ മാത്രമേ കോമറ്റ് ബ്രൗസര്‍ ലഭ്യമാകൂ. ആൻഡ്രോയ്‌ഡ് ഉപകരണങ്ങളിൽ ലഭ്യമാകണമെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ മുൻകൂട്ടി ഓർഡർ ചെയ്യാമെന്നും അരവിന്ദ് ശ്രീനിവാസ് അറിയിച്ചു.
ക്രോമില്‍ നിന്ന് എന്ത് വ്യത്യാസം കോമറ്റിന്?
ജോലി, ഗവേഷണം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഇന്‍റര്‍നെറ്റിനെ ആശ്രയിക്കുന്ന ആളുകളെ ലക്ഷ്യം വെച്ചാണ് കോമറ്റ് എഐ സെർച്ച് ബ്രൗസര്‍ പെർപ്ലെക്‌സിറ്റിയുടെ എഐ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആൻഡ്രോയ്‌ഡിന് വേണ്ടി മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കുമെങ്കിലും റിലീസ് തീയതി എന്നാണെന്ന് അറിയിച്ചിട്ടില്ല. ഒരു എഐ ഏജന്‍റായിട്ടാണ് കോമറ്റ് ബ്രൈസർ പ്രവർത്തിക്കുക. എല്ലാ ടാബുകളും കൈകാര്യം ചെയ്യാനും ഇമെയിലുകളും കലണ്ടർ ഇവന്‍റുകളും സംഗ്രഹിക്കാനും വെബ് പേജുകളിലൂടെ നാവിഗേറ്റ് ചെയ്യാനും ഇതിന് സാധിക്കും.
ആവശ്യമായ എല്ലാ വിവരങ്ങളും എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒരു വർക്ക്‌സ്‌പെയ്‌സും, വെബ്‌പേജ് ഒരു ഇമെയിലാക്കി അയയ്ക്കാൻ സാധിക്കുക മുതലായവ സവിശേഷതകളാണ് ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്‌ജ് തുടങ്ങിയ മറ്റ് വെബ് ബ്രൗസറുകളിൽ നിന്ന് പെർപ്ലെക്‌സിറ്റി കോമറ്റിനെ വ്യത്യസ്‌തമാക്കുന്നത്. ബ്രൗസറിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനും പെർപ്ലെക്‌സിറ്റി പദ്ധതിയിടുന്നുണ്ട്. ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഐ സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ് പെര്‍പ്ലെക്‌സിറ്റി.



