ഈ വര്‍ഷം പത്താം പിറന്നാള്‍ ആഘോഷിക്കുന്ന ഫൈക്കണ്‍, ഓസ്ട്രേലിയയിലെ സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ സ്റ്റാര്‍ട്ട്അപ്പ് ബിസിനസ് എന്ന കമ്പനിയുമായി തന്ത്രപ്രധാനമായ കരാറില്‍ പങ്കാളികളാകും. ദ സ്റ്റാര്‍ട്ട്അപ്പ് ബിസിനസ് എന്ന കമ്പനിയുടെ കോ ഫൗണ്ടര്‍ ആയ ഡോ.റോസ് മക്കെന്‍സി ഫൈക്കണിന്റെയും ഡയറക്‌ടര്‍ ആയി സ്ഥാനമേറ്റു എന്നതും ഫൈക്കണ് നേട്ടമാകും. 'ഫൈക്കണിനു ലഭിച്ച ഈ പങ്കാളിത്തത്തിലൂടെ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിനോടൊപ്പം, ഡോ. റോസ് മക്കെന്‍സിയുമായുള്ള കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഇരു കമ്പനികളുടെയും ഉപഭോക്താക്കള്‍ക്കു മികച്ച സേവനം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ഫൈക്കണിന്റെ സി.ഇ.ഒയും സഹസ്ഥാപകനുമായ പ്രതിഷ്‌ വിജയ് പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങളും വിദ്യാഭ്യാസവും, പരിശീലനവും, നേതൃത്വ പാടവവും പ്രദാനം ചെയ്യുന്ന ദ സ്റ്റാര്‍ട്ട്അപ്പ് ബിസിനസിനു ഫൈക്കണിന്റെ സുസജ്ജമായ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനാകുമ്പോള്‍, ഈ പുതിയ പങ്കാളിത്തം ഫൈക്കണിന് നേതൃത്വ പാടവവും, കണ്‍സള്‍ട്ടിങ് മികവും പകര്‍ന്നു നല്‍കാനാകും. തിരുവനന്തപുരം ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൈക്കണിന് ഓസ്ട്രേലിയയിലെ ക്ഷീരമേഖലയില്‍ ഇതിനകം ചുവടുറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം ഏറ്റടുത്ത ഡോ. അലക്‌സാണ്ടര്‍ റോസ് മക്കെന്‍സി ഈ യാത്രയില്‍ ഫൈക്കണിന് കൂടുതല്‍ കരുത്ത് പകരും, അദ്ദേഹം പറഞ്ഞു.
25 വര്‍ഷങ്ങളോളം ആഗോളതലത്തില്‍ വാണിജ്യതന്ത്രങ്ങള്‍ ഫലപ്രദമായി പരീക്ഷിച്ചുവിജയിക്കുകയും, ഓസ്ട്രലേഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ മേഖലകളില്‍ ആയിരത്തിലധികം അംഗങ്ങളുള്ള ടീമുകളുടെ നായകത്വവും ഡോ. മക്കെന്‍സി വഹിച്ചിട്ടുണ്ട്. അതുകൊണ്ട്തന്നെ ഫൈക്കണിന്റെ കപ്പിത്താനായി ഡോ. മക്കെന്‍സി വരുന്നത് കമ്പനിക്ക് പതിന്മടങ്ങു കരുത്തേകും.