ദില്ലി: ജിയോ 4ജി ഫോണ്‍ പ്രീബുക്കിംഗ് ജിയോ നിര്‍ത്തിവച്ചു. ആഗസ്റ്റ് 24 അഞ്ചര മണിയോടെയാണ് ജിയോ സ്‌മാര്‍ട്ട് ഫോണിനുള്ള ബുക്കിങ് ആരംഭിച്ചത്. റീട്ടെയില്‍ സ്റ്റോറുകള്‍, മൈജിയോ ആപ്പ്, ജിയോ വെബ്സൈറ്റ് (www.jio.com) എന്നിവ വഴിയായിരുന്നു റജിസ്ട്രേഷന്‍. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓഡര്‍ നല്‍കാന്‍ കഴിയുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.

നേരത്തെ പ്രഖ്യാപിച്ചിരുന്ന 1500ന് പകരം 500 രൂപ മാത്രം നല്‍കി ഫോണ്‍ ബുക്ക് ചെയ്യാനുള്ള അവസരവും ജിയോ ഒരുക്കിയിട്ടുിണ്ടായിരുന്നു. ഫോണിന്‍റെ വിലയായ 1500ല്‍ ശേഷിച്ച ആയിരം രൂപ ഫോണ്‍ കൈയില്‍ കിട്ടുമ്പോള്‍ നല്‍കിയാല്‍ മതിയെന്നായിരുന്നു നിബന്ധന. 4ജി കണക്ടിവിറ്റിയുള്ള ഫോണിന്റെ വില്‍പന അടുത്ത മാസം ആദ്യ ആഴ്‌ചയോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇപ്പോള്‍ ജിയോ സൈറ്റില്‍ ഒരു ബാനറാണ് കാണുന്നത്. ഇത് പ്രകാരം ഇന്ത്യയ്ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും, ദശലക്ഷക്കണക്കിന് പേര്‍ പ്രീ ഓഡര്‍ നല്‍കിയെന്നും ജിയോ സൈറ്റ് പറയുന്നു. ഇതിന് താഴെ പ്രീബുക്കിംഗ് പുന:ആരംഭിക്കുന്നത് അറിയിക്കാം എന്ന് പറയുന്നുണ്ട്.

ജിയോ ഫോണ്‍ വാങ്ങാന്‍ 1500 രൂപ നല്‍കണമെങ്കിലും മൂന്നു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മണിബാക്ക് ഓഫര്‍ എന്ന തരത്തില്‍ ഈ പണം ജിയോ തിരികെ നല്‍കും. അതുകൊണ്ടുതന്നെ ജിയോ ഫോണ്‍ വാങ്ങാന്‍ ഉപഭോക്താവിന് പണമൊന്നും ചെലവാകുന്നില്ല. ഒരു സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന തരത്തില്‍ മാത്രമാണ് ഫോണ്‍ വാങ്ങുന്നവരില്‍നിന്ന് 1500 രൂപ ഈടാകുന്നതെന്ന് സാരം.

ജിയോ ഫോണ്‍ വാങ്ങുന്നവര്‍ 153 രൂപയ്‌ക്ക് റീച്ചാര്‍ജ് ചെയ്താല്‍ പ്രതിദിനം 500 എംബി ഡാറ്റ ഉപഭോക്താവിന് ലഭ്യമാകും. കൂടുതല്‍ ഡാറ്റ ഉപയോഗിക്കേണ്ടവര്‍ 309 രൂപ മുതല്‍ മുകളിലേക്കുള്ള പ്ലാനുകളാണ് തെരഞ്ഞെടുക്കേണ്ടത്. ഇതുകൂടാതെ ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പ്രതിവാര റീച്ചാര്‍ജ് ഓപ്‌ഷനും ഉണ്ടാകും. 

54 രൂപയ്‌ക്ക് റീചാര്‍ജ് ചെയ്താല്‍ ഒരു ആഴ്‌ച വാലിഡിറ്റിയില്‍ ഡാറ്റ ഉപയോഗിക്കാനാകും. അതുപോലെ രണ്ടു ദിവസത്തെ വാലിഡിറ്റി ലഭിക്കാന്‍ 24 രൂപയ്‌ക്കാണ് റീച്ചാര്‍‍ജ് ചെയ്യേണ്ടത്.