Asianet News MalayalamAsianet News Malayalam

ചൊവ്വയില്‍ പര്‍പ്പിള്‍ പാറകള്‍: ശാസ്ത്രലോകത്ത് ചൂടേറിയ ചര്‍ച്ച

purple rocks
Author
New Delhi, First Published Dec 30, 2016, 3:21 PM IST

ന്യൂയോര്‍ക്ക്: നാസയുടെ ക്യൂരിയോസിറ്റി റോവര്‍ അയച്ച പുതിയ ചൊവ്വ പ്രതലത്തിന്‍റെ ചിത്രം ശാസ്ത്രലോകത്ത് ചര്‍ച്ചയാകുന്നു. നാസാ ഉപഗ്രഹമായ ക്യൂരിയോസിറ്റി പകര്‍ത്തിയ ചൊവ്വയുടെ ഉപരിതല ചിത്രങ്ങളില്‍ പര്‍പ്പിള്‍ പാറകള്‍ കണ്ടെത്തിയതാണ് പുതിയ ചര്‍ച്ചകള്‍ക്ക് കാരണം. 

ചുവന്ന ഗ്രഹത്തിലെ ജലസാന്നിധ്യമാണ് ഈ പര്‍പ്പിള്‍ പാറകള്‍ സൂചിപ്പിക്കുന്നതെന്നാണ് ജ്യോതി ശാസ്ത്രജ്ഞര്‍ പറയുന്നത്. ഒരു കാലത്ത് ജലസമൃദ്ധമായിരുന്നതിന്റെ സൂചനയാണ് ഊതവര്‍ണത്തിലുള്ള പാറകളെന്നാണ് നാസ കരുതുന്നത്.

ചൊവ്വയിലെ ജീവസാന്നിധ്യത്തെ കുറിച്ച് വ്യാപകമായി ശാസ്ത്ര ചര്‍ച്ചകള്‍ നടക്കുന്നതിന് ഇടയിലാണ് ജലസാന്നിധ്യ സാധ്യതകളുമായ പര്‍പ്പിള്‍ പാറകള്‍ ചിത്രത്തില്‍ ഇടംപിടിച്ചത്. പ്രദേശത്തെ ഭൗമശാസത്ര വൈവിധ്യത്തെ സൂചിപ്പിക്കുന്നതാണ് ഊത നിറമുള്ള പാറകള്‍. എങ്ങനെയാണ് ചൊവ്വയ്ക്ക് ജലം നഷ്ടമായതെന്നത് സംബന്ധിച്ച് സൂചന നല്‍കാനും ചിത്രം സംബന്ധിച്ച പഠനത്തിലൂടെ സാധ്യമാകുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.

കാറ്റും മണലുമെല്ലാം നിറഞ്ഞ ചൊവ്വയിലെ സീസണ്‍ മാറിയതിനാലാണ് ക്യൂരിയോസിറ്റിക്ക് പാറകളുടെ വ്യക്തമായ ചിത്രം ലഭിക്കാന്‍ കാരണമെന്നും നാസ വ്യക്തമാക്കുന്നു. ചൊവ്വയിലെ പര്‍വ്വതമായ മൗണ്ട് ഷാര്‍പിന് സമീപം രണ്ട് വര്‍ഷമായി ചുറ്റിതിരിഞ്ഞ് ക്യൂരിയോസിറ്റി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

അയണ്‍ ഓക്‌സൈഡായ ഹെമറ്റൈറ്റിന്റെ സാന്നിധ്യമാണ് പാറകള്‍ക്ക് പര്‍പ്പിള്‍ നിറം നല്‍കുക. ജലസാന്നിധ്യമുള്ള പ്രദേശത്താണ് ഹെമിറ്റേറ്റ് കാണാനാവുക. ഇതാണ് ശാസ്ത്രലോകത്തിന് കൗതുകമാകുന്നത്. കാലങ്ങള്‍ക്ക് മുമ്പ് വെള്ളമുണ്ടായിരുന്ന പ്രദേശമാണ് ഇതെന്ന സൂചനയാണ് പര്‍പ്പിള്‍ പാറകള്‍ നല്‍കുന്നതെന്നാണ് നാസയുടെ വാദം.

Follow Us:
Download App:
  • android
  • ios