സെമികണ്ടക്ടർ രംഗത്ത് ഇന്ത്യയ്ക്ക് മുന്നിലെ അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ച് രാജീവ് ചന്ദ്രശേഖർ എഴുതുന്നു…

എല്ലാ മേഖലയിലെയും പുരോഗതിയുടെ പ്രധാന അടിത്തറയായി സാങ്കേതികവിദ്യ മാറിയിരിക്കുകയാണ്. ഈ നൂറ്റാണ്ടിൽ ആഗോള സാമ്പത്തിക രംഗത്ത് പ്രധാന ശക്തിയാകാൻ ഇന്ത്യയ്ക്ക് സാധിക്കുമോ എന്ന് നിർണയിക്കുന്നത് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സെമികണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിൽ രാജ്യം സ്വീകരിക്കുന്ന നിലപാടുകളായിരിക്കും.

സെമികണ്ടക്ടർ മേഖലയിൽ കൈവരിച്ച അപാരമായ മേൽക്കോയ്മയാണ് തായ്‌വാനെ ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാക്കുന്നത്. എഐ ചിപ്പ് വിപ്ലവത്തിന്റെ ബലത്തിൽ സാംസങ്, എസ്കെ ഹൈനിക്സ് എന്നീ കമ്പനികളുടെ മികച്ച പ്രകടനം കാരണം ദക്ഷിണ കൊറിയൻ സൂചികയായ കോസ്പി 2025-ൽ 72 ശതമാനം നേട്ടം കൈവരിച്ചു. സെമികണ്ടക്ടർ മേഖലയിലെ സ്വയംപര്യാപ്തതയ്ക്കായി 2015 മുതൽ ഏകദേശം 150 ബില്യണ്‍ ഡോളറാണ് ചൈന നിക്ഷേപിച്ചത്. യുഎസ് പാസാക്കിയ ചിപ്സ് ആക്ട് വഴി 53 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള സബ്‌സിഡി നൽകിയതിലൂടെ 450 ബില്യണ്‍ഡോളറിന്റെ സ്വകാര്യ നിക്ഷേപമാണ് അവിടെ എത്തിയത്.

സാങ്കേതികവിദ്യാ രംഗത്ത് വൻ മുന്നേറ്റം നടത്താൻ ആവശ്യമായ മൂന്ന് ഘടകങ്ങളിൽ രണ്ടെണ്ണം ഇന്ത്യയ്ക്കുണ്ട്- ജനസംഖ്യാപരമായ ശേഷിയും അറിവിന്റെ കരുത്തും. ആഗോള എഐ, സെമികണ്ടക്ടർ വികസന രംഗത്ത് നമ്മുടെ എൻജിനീയർമാരും ശാസ്ത്രജ്ഞരും മുൻനിരയിലുണ്ട്. ചരിത്രം പരിശോധിച്ചാൽ സാങ്കേതികവിദ്യയിലെ പരമാധികാരം കൈവരിക്കുന്നതിൽ ഇന്ത്യ വേണ്ടത്ര നിക്ഷേപം നടത്തിയിട്ടില്ല. ഈ വീഴ്ച വലിയൊരു ഭീഷണിയായി മാറുകയാണ്. ചില എഐ മോഡലുകളിലേക്കുള്ള പ്രവേശനം വിലക്കിക്കൊണ്ടുള്ള യുഎസ് സർക്കാരിന്റെ നീക്കങ്ങൾ സൂചിപ്പിക്കുന്നത് സാങ്കേതികവിദ്യ തടഞ്ഞുവെക്കൽ എന്നത് ഭൗമരാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമാണ് എന്നതാണ്. സ്വന്തം ശേഷി വർധിപ്പിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് സാങ്കേതിക രംഗത്തെ വേർതിരിവ് നേരിടേണ്ടി വരും.

ഇന്ത്യ സെമികണ്ടക്ടർ മിഷൻ (ISM), ഡിസൈൻ ലിങ്ക്ഡ് ഇൻസെന്റീവ് (DLI), ഇന്ത്യഎഐ (IndiaAI) മിഷൻ എന്നിവ ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവയ്പ്പുകളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇവയ്ക്ക് രൂപം നൽകിയ സംഘത്തിൽ ഞാനും പങ്കാളിയായിരുന്നു. എന്നാൽ ഈ ആദ്യ ഘട്ടങ്ങൾ അന്തിമ ലക്ഷ്യമല്ല. അതിനെ സാങ്കേതിക മുന്നേറ്റമാക്കി മാറ്റാൻ ഇന്ത്യയ്ക്ക് സാധിക്കുമോ എന്നതാണ് ചോദ്യം. 'സെമികോൺ ഇന്ത്യ 2026' ഉച്ചകോടിയിൽ 12 നിർമ്മാണ യൂണിറ്റുകൾക്ക് അംഗീകാരം, 1.64 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം, ഇതിനുപിന്നാലെ 1.275 ലക്ഷം കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെ ഐഎസ്എം 2.0 എന്നിവ പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ ഈ മുന്നേറ്റത്തിന് പിന്നിൽ നമ്മൾ കാണേണ്ട ഘടനാപരമായ ഒരു പ്രശ്നമുണ്ട്: അംഗീകാരം ലഭിച്ച 12 യൂണിറ്റുകളിൽ ഒൻപതെണ്ണവും പരമ്പരാഗത എടിഎംപി/ഒഎസ്എടി (ATMP/OSAT) സൗകര്യങ്ങളാണ് — അതായത് വയർ-ബോണ്ട് അസംബ്ലി, ടെസ്റ്റിംഗ്, മാർക്കിംഗ്, പാക്കേജിംഗ് എന്നിവ മാത്രം നടത്തുന്നവ. മൂല്യവർധനവ് ഏറ്റവും കുറഞ്ഞതും എളുപ്പത്തിൽ പകരം വെക്കാവുന്നതും കാലഹരണപ്പെട്ടതുമായ സാങ്കേതിക വിഭാഗത്തിലാണിവ ഉൾപ്പെടുന്നത്.

ഈ ഘടനാപരമായ പ്രശ്നം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. 'ചൈന+1' തന്ത്രത്തിന്റെ പശ്ചാത്തലത്തിലാണ് ഇലക്ട്രോണിക്സ് പിഎൽഐ പദ്ധതി വിജയം കണ്ടത്. ആപ്പിളും സാംസങ്ങും തങ്ങളുടെ നിർമ്മാണ കേന്ദ്രങ്ങൾ വൈവിധ്യവൽക്കരിക്കാൻ ആഗ്രഹിച്ചപ്പോൾ, ഇന്ത്യ അത് പ്രയോജനപ്പെടുത്തി. ലോകമെമ്പാടുമുള്ള ഐഫോണുകളുടെ 25 മുതൽ 28 ശതമാനം വരെ ഇപ്പോൾ അസംബിൾ ചെയ്യുന്നത് ഇന്ത്യയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും സ്വാധീനമുള്ള വ്യാവസായിക നയ നേട്ടങ്ങളിലൊന്നാണിത്.

എന്നാൽ സെമികണ്ടക്ടർ രംഗത്ത് നടക്കുന്നത് കേവലം വിതരണ ശൃംഖലയുടെ വൈവിധ്യവൽക്കരണമല്ല, മറിച്ച് ഒരു ഘടനാപരമായ വിപ്ലവമാണ്. എൻവിഡിയയുടെ (Nvidia) ഡാറ്റാ സെന്റർ വരുമാനം 2020-ൽ 3 ബില്യണ്‍ ഡോളറായിരുന്നത് 2024-ൽ 47 ബില്യണ്‍ ഡോളറായി ഉയർന്നു. എഐ യുഗം കമ്പ്യൂട്ടിംഗിൽ പുതിയൊരു തലം സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിൽ പരമ്പരാഗത വയർ-ബോണ്ട് പാക്കേജിംഗിലെ 6 ശതമാനം ഗ്രോസ് മാർജിൻ മുതൽ സ്വന്തമായി ബൗദ്ധിക സ്വത്തവകാശമുള്ള ചിപ്പ് ഡിസൈനിംഗിലെ 50-70 ശതമാനം വരെയുള്ള ലാഭസാധ്യതകളാണ് നമ്മുടെ മുന്നിലുള്ളത്. പരമ്പരാഗത വയർ-ബോണ്ട് പാക്കേജിംഗ് കടുത്ത ലാഭ ഇടിവ് നേരിടുകയാണ്. എന്നാൽ ജിപിയുവും മെമ്മറിയും സംയോജിപ്പിക്കുന്ന അഡ്വാൻസ്ഡ് പാക്കേജിംഗ് (CoWoS) 25-35 ശതമാനം വരെ ലാഭവിഹിതം നൽകുന്നുണ്ട്. ഐഎസ്എം 2.0 നമ്മളെ എത്തിക്കേണ്ടത് ആ തലത്തിലേക്കാണ്.

നിക്ഷേപ തന്ത്രം വളരെ നിർണായകമാണ്- അത് ഡിസൈൻ ഐപി, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിലേക്ക് കേന്ദ്രീകരിക്കണം. ഗവേഷണ പരിചയമുള്ള ഒരു പ്രത്യേക സെമികണ്ടക്ടർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ ഇന്ത്യയിലില്ല. സർക്കാരും വ്യവസായ മേഖലയും സംയുക്തമായി നിക്ഷേപം നടത്തുന്ന, വിദഗ്ധരെ വാർത്തെടുക്കാൻ ലക്ഷ്യമിട്ടുള്ള ഒരു നാഷണൽ സെമികണ്ടക്ടർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഐഎസ്എം 1.0 വിഭാവനം ചെയ്തിരുന്നു. അത് ഇനി വൈകിക്കാൻ പാടില്ല.

എഐ വിപ്ലവം സെമികണ്ടക്ടർ വിപണിയെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. എഐ ട്രെയിനിംഗ് (മോഡലുകൾ നിർമ്മിക്കൽ) എൻവിഡിയയുടെ ക്യൂഡ (CUDA) സിസ്റ്റത്തിലും ഹൈപ്പർസ്കേലറുകളുടെ കസ്റ്റം എഎസ്ഐസി (ASIC)-കളിലും കേന്ദ്രീകരിച്ചിരിക്കുകയാണ്. ആ വിപണി നിലവിൽ മറ്റുള്ളവർക്ക് മുന്നിൽ അടഞ്ഞുകിടക്കുകയാണ്. എന്നാൽ 'ഇൻഫറൻസ്' വിപണി പൂർണ്ണമായും തുറന്നു കിടക്കുന്നു. ക്ലൗഡ്, എഡ്ജ്, മറ്റ് ഉപകരാറുകൾ, പ്രതിരോധം, കൃഷി, വ്യാവസായിക ആപ്ലിക്കേഷനുകൾ എന്നിവയിലുടനീളമുള്ള ആവശ്യകതകളുടെ വൈവിധ്യം വളരെ വലുതായതിനാൽ, ഒറ്റ ഘടനയ്ക്ക് മാത്രമായി ഇതിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയില്ല. പ്രത്യേക ആവശ്യങ്ങൾക്കായി നിർമ്മിക്കുന്ന ഇൻഫറൻസ് ചിപ്പുകൾ 50-70 ശതമാനം വരെ ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്യുന്നു. ഇവ നിർമ്മിക്കാൻ പ്രാപ്തിയുള്ള 1,25,000 ചിപ്പ് ഡിസൈൻ എൻജിനീയർമാർ ഇന്ത്യയിലുണ്ട്. ഡിഎൽഐ പദ്ധതി വിപുലീകരണം, ഐഎസ്എം 2.0 വഴി എൻഐഐഎഫ് മാതൃകയിൽ 1000 കോടി രൂപയുടെ ചിപ്പ് ഡിസൈൻ കൊമേഴ്‌സ്യലൈസേഷൻ ഫണ്ട് സ്വരൂപിക്കൽ, സർക്കാരിന്റെ നേരിട്ടുള്ള വാങ്ങൽ ഉറപ്പുനൽകുന്ന കുറഞ്ഞത് രണ്ട് എഐ ഇൻഫറൻസ് ചിപ്പ് പ്രോഗ്രാമുകൾ എന്നി ആരംഭിക്കണം. ബജറ്റിൽ അവതരിപ്പിക്കുന്ന ഈ രണ്ട് മാറ്റങ്ങൾ, കൂടുതൽ വയർ-ബോണ്ട് പാക്കേജിംഗ് പ്രൊജക്ടുകൾ ആരംഭിക്കുന്നതിനേക്കാൾ വലിയ മുന്നേറ്റം ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയിൽ ഉണ്ടാകും.

ഇന്ത്യയുടെ സെമികണ്ടക്ടർ മിഷൻ, ഡിഎൽഐ, ഇന്ത്യഎഐ എന്നിവയ്ക്ക് തുടക്കമിട്ട ടീമിന്റെ ഭാഗമാകാൻ എനിക്ക് സാധിച്ചത്, എഐ യുഗത്തിൽ ഇന്ത്യയുടെ സാമ്പത്തിക ഭാവി ഈ ശേഷി വർധിപ്പിക്കുന്നതിലാണെന്ന് വിശ്വസിക്കുന്നതിനാലാണ്. മനുഷ്യവിഭവശേഷിയും ആഭ്യന്തര ആവശ്യകതയും അത് നടപ്പിലാക്കാൻ ദൂരക്കാഴ്ചയുള്ള ഒരു പ്രധാനമന്ത്രിയും ഇന്ത്യയ്ക്കുണ്ട്. ഡിസൈനിലും സാങ്കേതിക ഘടനയിലും അധിഷ്ഠിതമായ ഒരു നേരിട്ടുള്ള ദേശീയ തന്ത്രമാണ് ഇന്ത്യയ്ക്കിപ്പോൾ ആവശ്യം. പതിറ്റാണ്ടുകളായി പ്രധാനപ്പെട്ട സാമ്പത്തിക വ്യാവസായിക മുന്നേറ്റങ്ങളിൽ ഒന്നുകിൽ ഇന്ത്യയ്ക്ക് അവസരം നഷ്ടപ്പെട്ടു, അല്ലെങ്കിൽ നമ്മൾ വളരെ പിന്നിലായിപ്പോയി. എന്നാൽ സാങ്കേതിക മുന്നേറ്റം നഷ്ടപ്പെടുത്താൻ നാം ആഗ്രഹിക്കുന്നില്ല. ലോകത്തിനാവശ്യമായ ചിപ്പുകൾ രൂപകൽപ്പന ചെയ്യുന്ന രാജ്യങ്ങളായിരിക്കും ഈ നൂറ്റാണ്ടിന്റെ ചരിത്രമെഴുതുന്നത്. അതിലൊന്നായി മാറാനുള്ള എല്ലാ ശേഷിയും ഇന്ത്യയ്ക്കുണ്ട്.