ബിയജിംങ്: ശരിക്കും ജുറാസിക്ക് പാര്‍ക്ക് ചൈനയിലെ സീന്‍ജിയാംഗ് പ്രവിശ്യയിലായിരുന്നുവെന്ന് ശാസ്ത്രകാരന്മാര്‍. 65 മുതല്‍ 145 ദശലക്ഷം വര്‍ഷം മുന്‍പ് ദിനോസറുകള്‍ ഈ പ്രദേശത്ത് കൂട്ടമായി വസിച്ചിരുന്നു എന്നാണ് പാലിയന്‍റോളജിസ്റ്റുകളുടെ കണ്ടെത്തല്‍. പുതിയ 8 സ്പീഷ്യസ് അടക്കം വന്‍ ദിനോസര്‍ ഫോസില്‍ ശേഖരണമാണ് ഇവിടുന്ന് കിട്ടിയത്. 82 ദിനോസര്‍ ഫോസില്‍ സൈറ്റുകളാണ് ഇവിടെ കണ്ടത്തിയത്.

6 ദിനോസര്‍ സ്പീഷ്യസുകളില്‍ പെടുന്ന ദിനോസര്‍ മുട്ടകളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. 2006 മുതല്‍ 2013 വരെ സീന്‍ജിയാംഗ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹൈഡ്രോജിയോളജി, സീന്‍ജിയാംഗ് നാച്ച്വൂറല്‍ ഹിസ്റ്ററി മ്യൂസിയം എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിന്‍റെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 11,000 സ്ക്വയര്‍ കിലോമീറ്ററാണ് പഠനം നടത്താനായി തിരഞ്ഞെടുത്ത സ്ഥലം ഇവിടെ നിന്നാണ് ചരിത്രത്തിലെ ഏറ്റവും വലിയ ദിനോസര്‍ ഫോസില്‍ ശേഖരം കണ്ടെത്തിയത്.

ഈ സ്ഥലത്ത് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ടെന്നാണ് പഠന സംഘത്തിന്‍റെ നിലപാട്. ദിനോസറുകളുടെ വംശനാശത്തിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ ഇവിടുന്ന് എനിയും ലഭിച്ചേക്കുമെന്നും പഠന സംഘം വിലയിരുത്തുന്നു.