15,000mAh ബാറ്ററി ഉപയോഗിച്ച് 50 മണിക്കൂർ വരെ തടസമില്ലാതെ വീഡിയോ പ്ലേ ചെയ്യാൻ കഴിയുമെന്ന് റിയൽമി അവകാശപ്പെടുന്നു. അങ്ങനെ സംഭവിച്ചാൽ ഒറ്റ ചാർജിൽ അഞ്ച് ദിവസത്തിൽ കൂടുതൽ ഫോൺ ഉപയോഗിക്കാൻ സാധിക്കും.
സ്മാർട്ട് ഫോൺ ബാറ്ററയിൽ വൻ വിപ്ലവവുമായി ചൈനീസ് സ്‍മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി. 15,000mAh ബാറ്ററി കപ്പാസിറ്റിയുടെ സ്‍മാർട്ട്‌ഫോൺ പുറത്തിറക്കാനാണ് കമ്പനിയുടെ നീക്കം. നിലവിലുള്ള മിക്ക സ്‍മാർട്ട്‌ഫോണുകളേക്കാളും ഇരട്ടിയിലധികം ശേഷി വരുമിത്. ഓഗസ്റ്റ് 27 ന് 15,000mAh ബാറ്ററിയുള്ള സ്‍മാർട്ട്‌ഫോൺ പുറത്തിറക്കാനുള്ള പദ്ധതി റിയൽമി സ്ഥിരീകരിച്ചു. ഈ ഫോണിന്‍റെ ടീസറുകളും കമ്പനി പുറത്തുവിട്ടു. റിയൽമി പങ്കിട്ട ടീസർ പോസ്റ്ററുകൾ പ്രകാരം, വലിയ ബാറ്ററി ഉണ്ടെങ്കിലും ഈ ഫോൺ അമിതമായി കനമോ ഭാരമോ ഉള്ളതോ ആയി തോന്നുന്നില്ല എന്നതാണ് ശ്രദ്ധേയം. ഈ ഡിവൈസിന്‍റെ പിൻ പാനലിൽ ഉടനീളം 15000mAh എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്.
15,000mAh ബാറ്ററി ഉപയോഗിച്ച് 50 മണിക്കൂർ വരെ തടസമില്ലാതെ വീഡിയോ പ്ലേ ചെയ്യാൻ കഴിയുമെന്ന് റിയൽമി അവകാശപ്പെടുന്നു. അങ്ങനെ സംഭവിച്ചാൽ ഒറ്റ ചാർജിൽ അഞ്ച് ദിവസത്തിൽ കൂടുതൽ ഫോൺ ഉപയോഗിക്കാൻ സാധിക്കും. മാത്രമല്ല ഈ ഫോൺ ഒറ്റ ചാർജിൽ 18.75 മണിക്കൂർ വരെ വീഡിയോ ഷൂട്ട് ചെയ്യാമെന്നും റിയൽമി അവകാശപ്പെടുന്നു.
അതേസമയം ഈ ഫോൺ വിൽപ്പനയ്ക്ക് ലഭ്യമാകുമോ അതോ ഒരു കൺസെപ്റ്റ് മോഡലായി വികസിപ്പിക്കുക മാത്രമാണോ ചെയ്യുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വിപണിയിൽ ഉടനടി പുറത്തിറക്കുന്നതിനുപകരം , റിയൽമിയുടെ ബാറ്ററി സാങ്കേതികവിദ്യയിലെ പുരോഗതി പ്രദർശിപ്പിക്കുന്ന ഉൽപ്പന്നമായി ഇത് തുടക്കത്തിൽ അവതരിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ല.
ഈ വർഷം ആദ്യം 10,000mAh കൺസെപ്റ്റ് ഫോൺ കമ്പനി അവതരിപ്പിച്ചിരുന്നു. നിലവിൽ വിപണിയിൽ ലഭ്യമായ റിയൽമി സ്‍മാർട്ട്ഫോണിൽ വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ ബാറ്ററി 7,000mAh ആണ്. GT 7 മോഡലിലാണ് 7000 എംഎഎച്ച് ബാറ്ററി.
