ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറെ നാശം വിതച്ച രോഗമാണ് എബോള കോംഗോ പോലുള്ള രാജ്യങ്ങളില്‍ അടുത്തിടെയാണ് എബോള ബാധയെ ചെറുത്തുതോല്‍പ്പിക്കാന്‍ ആരോഗ്യമേഖലയ്ക്ക് സാധിച്ചത്

കമ്പാല: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറെ നാശം വിതച്ച രോഗമാണ് എബോള. കോംഗോ പോലുള്ള രാജ്യങ്ങളില്‍ അടുത്തിടെയാണ് എബോള ബാധയെ ചെറുത്തുതോല്‍പ്പിക്കാന്‍ ആരോഗ്യമേഖലയ്ക്ക് സാധിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 1976ലാണ് ആദ്യമായി എബോള സ്ഥിരീകരിച്ചത്. എന്നാല്‍ ഈ രോഗം ഏറ്റവും കൂടുതല്‍ നാശം വിതച്ചത് 2014-2016 കാലഘട്ടത്തിലാണ്. അടുത്തിടെ വീണ്ടും രോഗം അഫ്രിക്കയിലെ ചില പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നു.

രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസര്‍ജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ആണ് എബോള പകരുന്നത്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസര്‍ജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേക്കു പടരാം. ഇപ്പോള്‍ ഇതാ എബോളയുടെ സംക്രമണവുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു.

എബോള ലൈംഗികബന്ധത്തിലൂടെയും പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്. പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് എബോള പുരുഷബീജത്തിലൂടെയും പകരാമെന്നു കണ്ടെത്തിയിരിക്കുന്നത്. ബീജസ്രവത്തില്‍ കാണപ്പെടുന്ന അമിലോയ്ഡ് ഫൈബ്രില്‍സ് എന്ന പ്രോട്ടീനുകളാണ് വൈറസിനു കവചമാകുന്നത്. വൈറസിനു സംരക്ഷണം നല്‍കാന്‍ ഈ പ്രോട്ടീനു സാധിക്കും. 

രണ്ടരവര്‍ഷം വരെ പുരുഷസ്രവത്തില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാമെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഈ സമയത്തെ ലൈംഗികബന്ധത്തിന് വൈറസിനെ പകര്‍ത്താനുള്ള കഴിവുണ്ട്. ഡെമോക്രാറ്റ് റിപബ്ലിക് ഓഫ് കോംഗോയില്‍ ഇപ്പോള്‍ വീണ്ടും എംബോള പടര്‍ന്നു പിടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ കണ്ടെത്തല്‍ ഗവേഷകര്‍ കാര്യമായിയെടുത്തിരിക്കുന്നത്. 

എച്ച്‌ഐവി വൈറസ് പടര്‍ത്താനും പുരുഷസ്രവത്തിലെ ഈ പ്രോട്ടീന്‍ കാരണമാകുന്നുണ്ട്. ഘാനയില്‍ അടുത്തിടെ പൊട്ടിപുറപെട്ട എബോളയ്ക്ക് പിന്നിലും ലൈംഗികബന്ധത്തിലൂടെ പടര്‍ന്ന വൈറസ് ആണെന്നാണ് നിഗമനം. എന്തായാലും ഇതിനെ കുറിച്ചു കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് ഗവേഷകര്‍.