മുംബൈ: ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോ പ്രഖ്യാപനത്തിന്‍റെ ഒന്നാം വാര്‍ഷികം. 2016 സെപ്തംബറിലാണ് ഇന്ത്യന്‍ ടെലികോം മേഖലയുടെ ഭാവി തന്നെ മാറ്റിമറിച്ച പ്രഖ്യാപനം റിലയന്‍സ് മേധാവി മുകേഷ് അംബാനി നടത്തിയത്. ജനുവരിവരെ ദിവസം 4 ജിബി എന്ന നിരക്കില്‍ സൗജന്യമായിരുന്നു ജിയോയുടെ ആദ്യ വെല്‍ക്കം ഓഫര്‍. പിന്നീട് ഇത് മാര്‍ച്ചു വരെ നീട്ടി. ഇപ്പോഴും വിവിധ രൂപത്തില്‍ ജിയോ ഓഫറുകള്‍ തുടരുന്നു.
250 രൂപയ്ക്ക് 1ജിബി ഇന്‍റര്‍നെറ്റ് ഒരുമാസത്തേക്ക് ഉപയോഗിച്ചിരുന്ന ഇന്ത്യയിലെ ജനതയുടെ ഇന്‍റര്‍നെറ്റ് ഉപയോഗം തന്നെ ഒരു വര്‍ഷത്തില്‍ ജിയോ മാറ്റിമറിച്ചു. ഇന്ന് ഒരു ജിബി ഒരു ദിവസം ഉപയോഗിക്കുന്നവരായി ഇന്‍റര്‍നെറ്റ് പ്രേമികള്‍ മാറി. റിലയന്‍സ് ജിയോയ്ക്ക് സമാന്തരമായി തന്നെ തങ്ങളുടെ നിരക്കുകള്‍ താഴ്ത്തുവാന്‍ മറ്റ് ടെലികോം കമ്പനികള്‍ തയ്യാറായത് വന്‍ മാറ്റമാണ് ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ ഉണ്ടാക്കിയത്. ഇതിനോടൊപ്പം കോള്‍ ചെയ്യാനായി റീചാര്‍ജ് ചെയ്യുക എന്ന ശീലം തന്നെ ഇന്ത്യ പതിയേ മാറ്റിയെടുക്കുകയാണ്. അതായത് ഡാറ്റ ചെയ്യുമ്പോള്‍ ഫ്രീയായി കിട്ടുന്ന ഓഫറാകുകയാണ് കോള്‍.
അതിവേഗം വളര്‍ന്ന ജിയോയുടെ ഉപയോക്താക്കളുടെ എണ്ണം 2017 ജൂണ്‍ അവസാനം വരെ 28.2 കോടിയാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. ജിയോയുടെ വളര്‍ച്ച രാജ്യത്ത് ഒരു ഡിജിറ്റല്‍ ഇക്കോ സിസ്റ്റം ഉണ്ടാക്കി എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയവയ്ക്ക് വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ജിയോ വന്നതിന് ശേഷം ഫേസ്ബുക്കിന്‍റെയും ഗൂഗിളിന്‍റെയും ആക്ടീവ് യൂസേര്‍സിന്‍റെ എണ്ണത്തില്‍ ഇന്ത്യയില്‍ 7 കോടിയെങ്കിലും വര്‍ദ്ധനവ് ഉണ്ടായി എന്നാണ് കണക്ക്.
ജിയോ 4ജി സര്‍വീസിന് പുറമേ. ബ്രോഡ്ബാന്‍റ്, ഡിടിഎച്ച് സേവനങ്ങളും ജിയോ ഒരുക്കുന്നുണ്ട്. അതിന് പിന്നാലെയാണ് ജിയോ ഫോണ്‍ പ്രഖ്യാപനം ഇതുവരെ 60 ലക്ഷം ഫോണുകളാണ് ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.
