ടെലികോം രംഗത്ത് ഇപ്പോള്‍ തരംഗമായ അംബാനിയുടെ റിലയന്‍സ് ജിയോ മറ്റൊരു പദ്ധതിയിലേക്ക് കാല്‍ വെയ്ക്കുന്നു. സെക്കന്‍ഡുകള്‍ കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ സര്‍വീസാണ് ആരംഭിക്കുന്നത്. ജിയോ മൊബൈല്‍ ജനകീയമാക്കിയ അതേ രീതിയില്‍ വമ്പന്‍ ഓഫറുകളുമായിട്ടാണു ജിയോ ജിഗാ ഫൈബറുമെത്തുന്നത്. 

വൈകാതെ രാജ്യത്തെ എല്ലാ വീടുകളിലേക്കും ഈ സേവനമെത്തുമെന്നാണ് കരുതുന്നത്. റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കാണ് ജിയോ ജിഗാ ഫൈബര്‍ എന്നു പേരിട്ടിരിക്കുന്നത്. പരീക്ഷണ ഘട്ടത്തിലാണ് ഇപ്പോള്‍ പദ്ധതി. 1ജിബിപിഎസ് വേഗം എന്നത് സെക്കന്‍ഡുകള്‍കൊണ്ട് സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധ്യമാക്കുന്നതാണ്. 

ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ സ്വഭാവം തന്നെ മാറ്റിമറിക്കുന്നതാകും ജിയോയുടെ പുതിയ ബ്രോഡ്ബാന്‍ഡ് പദ്ധതി. ജിയോ ജിഗാഫൈബറിന്റെ താരിഫും പ്ലാനും സംബന്ധിച്ചു കമ്പനി സൂചനകളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ആദ്യത്തെ മൂന്നു മാസം 100 എംപിപിഎസ് വേഗമുള്ള ഇന്റര്‍നെറ്റ് ഫ്രീ നല്‍കുമെന്നാണു കമ്പനിയോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

റൗട്ടറിനും ഇന്‍സ്റ്റലേഷനും പണം നല്‍കേണ്ടിവരും. 4,500 രൂപയോളമാണിത്. നിലവില്‍ മുംബൈയ്ക്ക് പുറമെ പുനെയിലും ജിയോ ബ്രോഡ്ബാന്‍ഡ് സര്‍വീസിന്റെ ടെസ്റ്റിങ് നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.