റിലയന്‍സ് ജിയോ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ സൗജന്യമായിരിക്കുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി ഇന്ന് പ്രഖ്യാപിച്ചെങ്കിലും സൗജന്യ സേവനങ്ങളില്‍ ചില മാറ്റങ്ങള്‍ ഉപയോക്താക്കളുടെ ശ്രദ്ധിക്കാതെ പോകരുത്. നിലവില്‍ പ്രതിദിനം ഹൈ സ്പീഡില്‍ 4 ജിബി ഡാറ്റ ഉപയോഗിക്കാമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഉയര്‍ സ്പീഡില്‍ പ്രതിദിനം ലഭ്യമാകുന്ന ഡാറ്റ 1 ജിബി ആയി കുറച്ചിട്ടുണ്ട്.
ജിയോയുടെ 80 ശതമാനം ഉപയോക്താക്കളും പ്രതിദിനം 1 ജിബിയില്‍ താഴെ ഡാറ്റ ഉപയോഗിക്കുന്നവരാണെന്നും ശേഷിക്കുന്ന ഡാറ്റ ഉപയോഗിക്കാതെ പോകുകയാണെതിനാലാണ് ഫെയര്‍ യൂസേജ് പോളിസി എന്ന നിലയില്‍ പുതിയ മാറ്റം കൊണ്ടുവരുന്നതെന്നും മുകേഷ് അംബാനി വ്യക്തമാക്കി. ക്യാഷ്‌ലെസ്, ഡിജിറ്റല്‍ പേമെന്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ജിയോ മണി മെര്‍ച്ചന്റ് സൊലൂഷന്‍സ് ഉടന്‍ നിലവില്‍ വരുമെന്നും മുകേഷ് അംബാനി വ്യക്തമാക്കിയിട്ടുണ്ട്.
ജിയോ സൗജന്യ സേനവങ്ങളുടെ സമയപരിധി ദീര്‍ഘിപ്പിക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇന്നാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ജിയോയുടെ കോള്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സമില്ലാതെ ലഭിക്കുന്നില്ലെന്ന നിരവധി പരാതികള്‍ ഇപ്പോഴും ഉപഭോക്താക്കള്‍ ഉയര്‍ത്തുന്നുണ്ട്. സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താതെ പണം വാങ്ങുന്നത് ശരിയല്ലെന്ന് വിലയിരുത്തലാണ് നേരത്തെ തന്നെ റിലയന്‍സിന് ഉണ്ടായത്. ഇത് കമ്പനിയെക്കുറിച്ച് ഉപഭോക്താക്കളില്‍ മോശം അഭിപ്രായമുണ്ടാക്കുമെന്നും നിലവിലുള്ള ഉപഭോക്താക്കളെ തന്നെ ജിയോയില്‍ നിന്ന് അകറ്റുമെന്നും കമ്പനി വിലയിരുത്തി.
മറ്റ് കമ്പനികള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാത്തതാണ് കോളുകള്‍ കണക്ട് ചെയ്യുന്നതില്‍ പ്രശ്നമെന്ന് നേരത്തെ ജിയോ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റിയില്‍ ജിയോ പരാതിയിലും നല്‍കിയിരുന്നു. പരാതി പരിശോധിച്ച ട്രായ് എയര്‍ടെല്‍. ഐഡിയ, വോഡഫോണ്‍ കമ്പനികള്‍ക്ക് വന്‍തുക പിഴ വിധിച്ചു. ഇതിന് ശേഷം മറ്റ് കമ്പനികള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി തുടങ്ങിയെങ്കിലും ജിയോയുടെ പ്രശ്നങ്ങള്‍ അവസാനിച്ചില്ല.
