മുംബൈ: റിലയന്‍സ് ജിയോ തങ്ങളുടെ ഡാറ്റ, കോള്‍ ഓഫറുകള്‍ 2017 ജനുവരിക്ക് ശേഷവും തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍. ചില വിപണി വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനാണ് റിലയന്‍സ് ഇത് ചെയ്യുന്നത്. ചിലപ്പോള്‍ ഇപ്പോള്‍ പ്രഖ്യാപിച്ച നിരക്കുകള്‍ കുറയ്ക്കുവാനുള്ള സാധ്യതയും റിലയന്‍സ് തേടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 5 മുതല്‍ എല്ലാവര്‍ക്കും ലഭിക്കുന്ന തരത്തില്‍ ജിയോ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

റിലയന്‍സ് ജിയോവില്‍ ഡിസംബര്‍ 31 വരെ ജിയോയില്‍ നിന്നുള്ള കോളുകള്‍, എസ് എം എസ്, ഇന്റര്‍നെറ്റ് എന്നീവ തീര്‍ത്തും സൗജന്യമാണ്. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഇന്റര്‍നെറ്റിന് മാത്രം പണം നല്‍കണം. ലൈഫ് ഫോണുകളിലും മറ്റ് കമ്പനികളുടെ തെരഞ്ഞെടുത്ത മോഡലുകളിലും ജിയോ സേവനം ലഭ്യമാകും. ഉപയോക്താക്കളുടെ തിരക്ക് നിമിത്തം ആവശ്യത്തിന് സിമ്മുകള്‍ നിലവില്‍ ലഭ്യമാക്കാനാകാത്ത അവസ്ഥയിലാണ് റിയലന്‍സ് ജിയോ. 149 രൂപ മുതലാണ് ജിയോയുടെ പ്രതിമാസ പ്ലാനുകള്‍ ആരംഭിക്കുന്നത്.

എന്നാല്‍ ഏറ്റവും വേഗം 100 ദശലക്ഷം ഉപയോക്താക്കള്‍ എന്നതാണ് റിലയന്‍സ് ലക്ഷ്യം വയ്ക്കുന്നത്, അതിലേക്കാണ് ജനുവരിക്ക് ശേഷവും ഓഫറുകള്‍ തുടരാന്‍ റിലയന്‍സ് ആലോചിക്കുന്നത്. പ്രിവ്യൂ ഓഫറുകള്‍ കൂടുതല്‍ മേഖലകളില്‍ തുടരാനും റിലയന്‍സ് ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.