ദില്ലി : ദീപാവലിയോടെ ഞെട്ടിപ്പിക്കുന്ന ഓഫറുകളുമായി ജിയോ ഫൈബര്‍ ലഭ്യമായി തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 10 മെട്രോ നഗരങ്ങളില്‍ ജിയോ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്നുണ്ട്. ജനസാന്ദ്രത കൂടിയ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് ആദ്യഘട്ടത്തില്‍ സേവനം നല്‍കാനും പിന്നീട് 100 ഇടങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കാനുമാണ് ജിയോ പദ്ധതിയിടുന്നത്.

തുടക്കത്തില്‍ തന്നെ വന്‍ ഓഫറുകളിലൂടെ വിപണി കയ്യടക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. ലോഞ്ചിംഗ് ഓഫറായി 500 രൂപക്ക് 100 ജിബി ഡാറ്റ എന്ന കിടിലന്‍ പായ്ക്കാണ് ജിയോ അവതരിപ്പിക്കുന്നത്. ജിയോ മൊബൈല്‍ ജനകീയമാക്കിയ അതേ രീതിയില്‍ വമ്പന്‍ ഓഫറുകളുമായിട്ടാണു ജിയോ ജിഗാ ഫൈബറുമെത്തുക. 1ജിബിപിഎസ് വേഗം എന്നത് സെക്കന്‍ഡുകള്‍കൊണ്ട് സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധ്യമാക്കുന്നതാണ്. 

ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ സ്വഭാവം തന്നെ മാറ്റിമറിക്കുന്നതാകും ജിയോയുടെ പുതിയ ബ്രോഡ്ബാന്‍ഡ് പദ്ധതി. രാജ്യത്ത് രണ്ടു കോടി ഉപഭോക്താക്കളാണ് വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നത്. അതേസമയം, 20 കോടി പേരാണ് വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നത്. ജിയോ ഫൈബര്‍ വരുന്നതോടെ വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡുകളുടെ എണ്ണം കൂടുമെന്നാണ് കരുതുന്നത്.