ന്യൂയോര്‍ക്ക്: നിലവില്‍ ലോകത്ത് ഉപയോഗിക്കുന്ന വൈഫൈ സംവിധാനങ്ങള്‍ വലിയ ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹോംലാന്‍റ് സെക്യൂരിറ്റിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ബെല്‍ജിയന്‍ ഗവേഷകര്‍ വൈഫൈ സംവിധാനത്തില്‍ സുരക്ഷ ഉറപ്പിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനത്തില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിന് പിന്നാലെയാണ് അമേരിക്കന്‍ മുന്നറിയിപ്പ് വന്നിരിക്കുന്നത്. 

ഇപ്പോള്‍ ലോക വ്യാപകമായി വൈഫൈ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പിക്കാന്‍ WPA2 പ്രോട്ടോകോള്‍ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഹാക്കര്‍മാര്‍ക്ക് ഇത് തട്ടിയെടുത്ത് ഇതുവഴി സ്വകാര്യ വിവരങ്ങള്‍ കൈമാറാനോ, നെറ്റ്വര്‍ക്ക് തന്നെ നിയന്ത്രിക്കാനോ സാധിക്കും എന്നാണ് പുതിയ കണ്ടെത്തല്‍.

വൈഫൈ പ്രോട്ടക്ടഡ് ആസസ്സ് 2 എന്നാണ് WPA2 ന്‍റെ പൂര്‍ണ്ണരൂപം. മുന്‍പ് ഉണ്ടായിരുന്ന വയേര്‍ഡ് എക്യൂപ്മെന്‍റ് പ്രൈവസിയില്‍ വന്‍ സുരക്ഷ വീഴ്ചകള്‍ കണ്ടെത്തിയപ്പോഴാണ് WPA2 നടപ്പിലാക്കിയത്. ഇപ്പോള്‍ ബെല്‍ജിയം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗവേഷകരായ മാത്തി വാന്‍ഹോഫ്, ഫ്രാങ്ക് പീസന്‍സ് എന്നിവരാണ് ഇപ്പോഴുള്ള സുരക്ഷ വീഴ്ച കണ്ടെത്തിയത്. 

ലോക വ്യാപകമായി വൈഫൈ കണക്ട് ചെയ്ത് ഉപയോഗിക്കുന്ന ലാപ്ടോപ്പ്, ഫോണ്‍, ടാബ് എന്നിവയുടെ എണ്ണം കഴിഞ്ഞ രണ്ട് കൊല്ലത്തിനുള്ളില്‍ 200 ശതമാനത്തിന് മുകളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഈ സുരക്ഷ വീഴ്ച ഗൗരവകരമാണെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നാണ് വൈഫൈ സുരക്ഷ ഉറപ്പാക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മ വൈഫൈ അലയന്‍സ് അറിയിച്ചിട്ടുണ്ട്. 

അതേ സമയം ഈ പിഴവ് ഹാക്കര്‍മാരും മറ്റും മുതലെടുക്കാന്‍ തുടങ്ങിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് ഇതുവരെ വിശദീകരണം ഒന്നും വന്നിട്ടില്ല. അതേ സമയം ഈ പിഴവ് മുതലെടുത്ത് മുന്‍പേ പല സിസ്റ്റങ്ങളും ഹാക്ക് ചെയ്യപ്പെട്ടേക്കാം എന്ന ആശങ്കയും സൈബര്‍ സുരക്ഷ വൃത്തങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.