വിവിധ റഷ്യന്‍ പ്രദേശങ്ങളില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന മൊബൈല്‍ ഇന്‍റര്‍നെറ്റ് ഷട്ട്‌ഡൗൺ സാധാരണ ജനജീവിതത്തെ ബാധിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്

മോസ്‌കോ: ഇന്ന് മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ ഇന്‍റർനെറ്റ് ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. പക്ഷേ ഇന്‍റർനെറ്റ് നിർത്തലാക്കിയാൽ ജീവിതം എങ്ങനെ ആയിരിക്കും ഉണ്ടാകുക എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? റഷ്യൻ ജനത ഇപ്പോൾ ഈ ദുരിതം അനുഭവിക്കുകയാണ്. 2025 മെയ് മാസം മുതൽ ഡസൻ കണക്കിന് റഷ്യൻ പ്രദേശങ്ങളിൽ മൊബൈൽ ഇന്‍റർനെറ്റ് ആവർത്തിച്ച് ഷട്ട്‌ഡൗൺ ചെയ്‌തിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. നവംബറിൽ ശരാശരി 57 പ്രദേശങ്ങളിൽ എല്ലാ ദിവസവും കണക്റ്റിവിറ്റി തടസപ്പെട്ടു. യുക്രെയ്‌നിയൻ ഡ്രോൺ ആക്രമണങ്ങൾ തടയാൻ ഈ നിയന്ത്രണം ആവശ്യമാണെന്നാണ് റഷ്യൻ സർക്കാർ അവകാശപ്പെടുന്നത്. വാട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള ജനപ്രിയ സന്ദേശമയയ്‌ക്കൽ ആപ്പുകളും മന്ദഗതിയിലാക്കുകയോ തടയുകയോ ചെയ്യുന്നു. പല പ്രദേശങ്ങളിലും സർക്കാർ അംഗീകൃത റഷ്യൻ വെബ്‌സൈറ്റുകളും ഓൺലൈൻ സേവനങ്ങളും മാത്രമേ ലഭ്യമാകൂ. റഷ്യൻ സർക്കാരിന്‍റെ വൈറ്റ് ലിസ്റ്റുകളിൽ ഉൾപ്പെട്ടിരിക്കുന്ന സേവനങ്ങൾ ആണിവ.

മൊബൈല്‍ ഇന്‍റര്‍നെറ്റ് തടസ്സപ്പെടുത്തി റഷ്യ; ശരിക്കും കാരണമെന്ത്? 

റഷ്യയില്‍ പലയിടങ്ങളിലും ഇന്‍റര്‍നെറ്റ് ഷട്ട്ഡൗൺ കാരണം ജനങ്ങളുടെ ദൈനംദിന ജീവിതം സ്‍തംഭിച്ചിരിക്കുന്നു. പലയിടങ്ങളിലും. എടിഎമ്മുകൾ പ്രവർത്തനരഹിതമാണ്. ബസ്-മെട്രോ ടിക്കറ്റുകൾ വാങ്ങാൻ കഴിയുന്നില്ല. എടിഎമ്മുകൾ മാത്രമല്ല ബാങ്കിംഗ് ആപ്പുകളും ഉപയോഗിക്കാൻ കഴിയുന്നില്ല. വിദേശത്ത് നിന്ന് വരുന്ന ആളുകൾക്ക് അവരുടെ ഫോണുകൾ ആക്‌ടീവാക്കാൻ പോലും കഴിയുന്നില്ല. ആശുപത്രികളും മെഡിക്കൽ ഉപകരണങ്ങളും കണക്റ്റ് ചെയ്യാൻ സാധിക്കുന്നില്ല. അന്താരാഷ്ട്ര യാത്രകൾക്ക് ശേഷം പലരുടെയും മൊബൈൽ ഫോണുകളിൽ നിന്ന് പലപ്പോഴും ടെക്സ്റ്റുകളും ഡാറ്റയും നഷ്‍ടപ്പെടുന്നു. പ്രമേഹമുള്ള കുട്ടികളുടെ അമ്മമാർക്ക് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിരീക്ഷിക്കാൻ പോലും കഴിയുന്നില്ലെന്നത് ഉൾപ്പെടെയുള്ള പരാതികളും ഉയരുന്നു.

പൗരന്‍മാര്‍ക്ക് കാര്‍ട്ടൂണ്‍ വഴി സര്‍ക്കാരിന്‍റെ ഉപദേശം

അതേസമയം ഓഫ്‌ലൈനിൽ തുടരാനും ജീവിതം ആസ്വദിക്കാനുമാണ് സർക്കാർ പറയുന്നത്. ഇന്‍റർനെറ്റ് നിയന്ത്രണ ഏജൻസിയായ റോസ്‌കോംനാഡ്‌സർ സോഷ്യൽ മീഡിയയിൽ ഒരു കാർട്ടൂൺ പോസ്റ്റ് ചെയ്‌തു. ഒരു യുവാവിന്‍റെ രണ്ട് ദൃശ്യങ്ങളാണ് ഈ കാർട്ടൂണിൽ. ഇരുണ്ട അപ്പാർട്ട്മെന്‍റിൽ ഫോണിലേക്ക് നോക്കിയിരിക്കുന്ന യുവാവാണ് ഇതിൽ ഒരെണ്ണം. മറ്റൊന്ന് ഒരു കപ്പ് കാപ്പിയും പുസ്‌തകവുമായി പാർക്കിലൂടെ അയാൾ സന്തോഷത്തോടെ നടക്കുന്നതാണ്. ഓഫ്‌ലൈനിൽ പോകുക എന്നത് ബന്ധം നഷ്‌ടപ്പെടുക എന്നല്ല അർഥമാക്കുന്നത് എന്നും ചിലപ്പോൾ അതിനർഥം നിങ്ങളുമായി തന്നെ ബന്ധപ്പെടുക എന്നാണെന്നും കാർട്ടൂൺ ഉപദേശിക്കുന്നു. പക്ഷേ ഈ പോസ്റ്റിന് കീഴിൽ കൂടുതലും ദേഷ്യവും പരിഹാസവും കലർന്ന കമന്‍റുകളാണ് വരുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്