സന്‍ഫ്രാന്‍സിസ്കോ: സാംസങ് ഗാലക്‌സി എസ്10  സന്‍ഫ്രാന്‍സിസ്കോയില്‍ പുറത്തിറക്കി. ഗ്യാലക്സി ഫോണുകളുടെ പത്താം വാര്‍ഷികത്തിലാണ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലിന്‍റെ നാല് പതിപ്പുകള്‍ സാംസങ്ങ് പുറത്തിറക്കിയത്.  അടിമുടി മാറ്റങ്ങളുമായാണ് ഗ്യാലക്‌സി എസ്10 ഫോണുകള്‍ എത്തുന്നത്

എസ്10 ഇ,എസ്10, എസ്10+, എസ് 10 5ജി എന്നീ മോഡലുകളാണ് സാംസങ്ങ് പുറത്തിറക്കിയിരിക്കുന്നത്. 5ജി മോഡല്‍ അമേരിക്കയില്‍ മാത്രമായിരിക്കും വില്‍പ്പനയില്‍ ഉണ്ടാകുക എന്നതാണ് റിപ്പോര്‍ട്ട്. മുമ്പ് ഗാലക്‌സി എസ്9 ബാഴ‌്‌സിലോണയിൽ നടന്ന മോബൈൽ വേൾഡ് കോൺഗ്രസിലാണ് പുറത്തിറക്കിയത്. എന്നാൽ എസ്10 ന്റെ പുറത്തിറക്കല്‍ ചടങ്ങ്  മൊബൈല്‍ കോണ്‍ഗ്രസിന് മുന്‍പേ നടത്താന്‍ സാംസങ്ങ് തീരുമാനിക്കുകയായിരുന്നു.

എസ്10 ബേസ് മോഡലില്‍ എത്തിയാല്‍ 6.1 ഇഞ്ചാണ് സ്ക്രീന്‍ വലിപ്പം. മൂന്ന് പിന്‍ ക്യാമറയാണ് ഈ ഫോണിനുള്ളത്.  12 എംപി വൈഡ് ആംഗിള്‍, 16എംപി അള്‍ട്ര വൈഡ് അംഗിള്‍ ലെന്‍സ്, 12 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് അവ. ഒപ്പം തന്നെ മുന്നില്‍ 10 എംപി ഡ്യൂവല്‍ അപ്പച്ചര്‍ ക്യാമറയുമുണ്ട്.

ഈ ഫോണിന്‍റെ 128 ജിബി, 512 ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പുകള്‍ ലഭ്യമാണ്. 3, 400 എംഎഎച്ചാണ് ബാറ്ററി ശേഷി. വയര്‍ലെസ് ചാര്‍ജ് സംവിധാനം ഈ ഫോണിലുണ്ട്. പിങ്ക്, യെല്ലോ, ഗ്രീന്‍, പ്രിസം ബ്ലൂ നിറങ്ങളില്‍ ഈ ഫോണ്‍ ലഭിക്കും.

എസ്10 പ്ലസില്‍ എത്തുമ്പോള്‍ സ്ക്രീന്‍ വലിപ്പം വര്‍ദ്ധിച്ചിട്ടുണ്ട്. 6.4 ഇഞ്ചാണ് ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം. 4,100 എംഎഎച്ചാണ് ബാറ്ററി ശേഷി.  ഇന്‍റേണല്‍ മെമ്മറി ശേഷി 1ടിബി പതിപ്പ് ഈ ഫോണിന് ലഭിക്കും എന്നതാണ് പ്രധാന പ്രത്യേകത. എസ് 10 പ്ലസ് ഫോണിന് എസ്10ന് സമാനമായ ക്യാമറ സെറ്റപ്പാണ്.

എസ് 10 ഇ എന്നത് ഒരു മിഡ്ബഡ്ജറ്റിലുള്ള സാംസങ്ങിന്‍റെ ഫ്ലാഗ്ഷിപ്പ് വെരിയെന്‍റാണ്. പിന്നില്‍ മൂന്ന് ക്യാമറകള്‍ക്ക് പകരം രണ്ട് ക്യാമറകള്‍ മാത്രമേ ഈ ഫോണിന് ഉള്ളൂ. 12 എംപി ടെലിഫോട്ടോ ലെന്‍സ് ഇതില്‍ ഇല്ല. എന്നാല്‍ എസ് 10 ഫോണുകളില്‍ ഉപയോഗിച്ച അതേ സ്നാപ്ഡ്രഗണ്‍ 855 ചിപ്പ് തന്നെയാണ് ഇതിന്‍റെ പ്രവര്‍ത്തനത്തിനും കരുത്താകുന്നത്. 6ജിബി റാം, 8ജിബി റാം പതിപ്പുകള്‍ ഈ ഫോണിനുണ്ട്. 

6.7 സ്ക്രീന്‍ വലിപ്പത്തില്‍ ആദ്യമായി ഒരു മുന്‍നിര മൊബൈല്‍ നിര്‍മ്മാതക്കള്‍ ഒടുവില്‍ 5ജി ഫോണ്‍ ഇറക്കി. അതാണ് സാംസങ്ങ് ഗ്യാലക്സി എസ്10 5ജി. അമേരിക്കയില്‍ മാത്രം ഇറങ്ങുന്ന ഫോണ്‍ എപ്രിലില്‍ മാത്രമേ ഔദ്യോഗികമായി വിപണിയില്‍ എത്തു. എസ്10 ന് സമാനമായി നാല് പിന്‍ ക്യാമറകള്‍ ഉള്ള എസ് 10 5ജിക്ക് പിന്നിലും മുന്നിലും 3ഡി ഡെപ്ത് സെന്‍സിംഗ് ക്യാമറയും കാണുവാന്‍ സാധിക്കും. 

പുതിയ ഡിസ്‌പ്ളെയാണ് ഗാലക്‌സി എസ്10 സീരിസിന്. ഇൻഫിനിറ്റി-ഒ-ഡിസ്‌പ്‌ളെ എന്നാണ് സാംസങ് കമ്പനി പുതിയ പേരിട്ടിരിക്കുന്നത്. ചൈന വിപണിയിൽ ഡിസംബർ 2018ൽ എത്തിയ ഗാലക്‌സി എ8എസിലാണ് സാംസങ് ആദ്യമായി ഈ ഡിസ്‌പ്ളെ പരിചയപ്പെടുത്തുന്നത്. 

സാംസങ് ഗാലക്‌സി എസ്10ന് കരുത്തേകുന്നത് ക്യുവൽകോം സ്‌നാപ്ഡ്രാഗൺ 855 പ്രൊസസ്സറാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളിലെത്തുന്ന എസ്10ന് എക്‌സിനോസ് 9820 പ്രൊസസ്സറായിരിക്കും ഉൾപ്പെടുത്തുക.