ദില്ലി: സാംസങ്ങിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ മോഡലിന് ഗാലക്‌സി എസ് 11 എന്നതിന് പകരം ഗാലക്‌സി എസ് 20 എന്ന് പേരിടുമെന്ന് സൂചന. ഫോണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിക്കുന്നുണ്ട്. 2020 ഫെബ്രുവരിയില്‍ വില്‍പ്പന ആരംഭിക്കുന്നതിനുമുമ്പ്, സ്മാര്‍ട്ട്‌ഫോണിന്റെ ലൈനപ്പ് നിരവധി തവണയാണ് ചോര്‍ന്നത്. ബാറ്ററി സവിശേഷതകള്‍ മുതല്‍ രൂപകല്‍പ്പന, ക്യാമറകള്‍ വരെ ടെക്കികള്‍ വെളിപ്പെടുത്തി.

ഇപ്പോഴിതാ, പ്രശസ്ത ടിപ്പ്സ്റ്ററില്‍ നിന്ന് പുറത്തുവരുന്ന വിവരപ്രകാരം വരാനിരിക്കുന്ന ഫോണുകളുടെ പേര് ഗാലക്‌സി എസ് 11 എന്നതിനുപകരം, എസ് 20 എന്നാവുമത്രേ. ഇത് ശരിയാണെങ്കില്‍, പുതിയ ലൈനപ്പ് എസ് 20, 20 പ്ലസ്, എസ് 20 പ്രോ എന്നിവയാകാനാണ് സാധ്യത. അടുത്ത വര്‍ഷം 2020 ആയതിനാല്‍ സാംസങ്ങിന് എസ് 11 നാമത്തോടു താത്പര്യമില്ലെന്നും പകരം എസ് 20 എന്നതിനോടാണ് താൽപര്യമെന്നും ഐസ് യൂണിവേഴ്‌സ് ട്വീറ്റില്‍ വിശദീകരിച്ചു. അതേസമയം, പുതിയ എസ് 11 സീരീസ് ഫോണുകള്‍ക്ക് ഉയര്‍ന്ന റിഫ്രഷ് നിരക്കുകളുള്ള പാനലുകളില്‍ 120 ഹെര്‍ട്‌സ് ഡിസ്‌പ്ലേ കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫോണുകളുടെ വലുപ്പം വര്‍ദ്ധിപ്പിക്കാതെ തന്നെ സ്‌ക്രീന്‍ വലുപ്പങ്ങള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനായി സാംസങ് അതിന്റെ ഫോണുകളിലെ ബെസലുകളുടെ വലുപ്പം കുറയ്ക്കും. പുതിയ സാംസങ് ഗാലക്‌സി എസ് സീരീസ് ഫോണുകള്‍ ഏറ്റവും മികച്ച ഹാര്‍ഡ്‌വെയര്‍ പായ്ക്ക് ചെയ്യുമെന്നാണ് കരുതുന്നത്. ഗാലക്‌സി എസ് 10 ലെ സ്‌നാപ്ഡ്രാഗണ്‍ 855 നേക്കാള്‍ ഗ്രാഫിക്‌സ് റെന്‍ഡര്‍ ചെയ്യുന്നതില്‍ 20 ശതമാനം വേഗതയുള്ളതായി അവകാശപ്പെടുന്ന സ്‌നാപ്ഡ്രാഗണ്‍ 865 ചിപ്‌സെറ്റ് സാംസങ് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, മുന്‍ഗാമിയേക്കാള്‍ 35 ശതമാനം കൂടുതല്‍ ഊര്‍ജ്ജക്ഷമതയാണ് ഇതു നല്‍കുന്നത്. പുറത്തുവന്ന വിവരങ്ങൾ പ്രകാരം, 108 മെഗാപിക്‌സല്‍ ലെന്‍സാണ് അള്‍ട്രാവൈഡ് ആംഗിള്‍ ലെന്‍സിനടുത്തായി ഇരിക്കുന്നത്. ചിത്രങ്ങളില്‍ ക്ലിക്കുചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുന്നതിന് ഒരു പെരിസ്‌കോപ്പ് സൂം ലെന്‍സ് ഉണ്ടെന്നും സൂചനയുണ്ട്.