ആപ്പിളിന്റെ ഐഫോൺ 8ന് വെല്ലുവിളി ഉയർത്താൻ ഒരു മാസം മുമ്പേ സാംസംഗ് ഗാലക്സി നോട്ട് 8 അവതരിപ്പിക്കുകയായിരുന്നു. പ്രതീക്ഷിച്ച പോലെ നോട്ട് സെവനിൽ നിന്ന് വലിയ മാറ്റങ്ങളുമായാണ് എട്ടാം പതിപ്പ് എത്തിയിരിക്കുന്നത്. 6.3 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഇതിൽ പ്രധാനം. ഫുൾ എച്ച്ഡി കർവ്ഡ് സ്ക്രീനിന്റെ സംരക്ഷണത്തിനായി ഗൊറില്ല ഗ്ലാസ് 5 ഉപയോഗിച്ചിരിക്കുന്നു. എസ്-പെന്‍ സ്റ്റൈലസാണ് മറ്റൊരു ആകർഷണം.
നോട്ടിന്റെ റാം ആറ് ജിബി. അടിസ്ഥാന സംഭരണ ശേഷി 64 ജിബി, 128 ജിബി, 256 ജിബി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത പതിപ്പുകളും നോട്ട് 8നുണ്ട്. സ്നാപ്ഡ്രാഗൺ 835 പ്രോസസർ ഫോണിന് കരുത്ത് പകരുന്നു. ആൻഡ്രോയിഡിന്റെ നഗൗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോൺ വൈകാതെ ഓറിയോ അപ്ഡേഷൻ പ്രതീക്ഷിക്കുന്നുണ്ട്.
പിന്നിലുള്ള ഇരട്ട ക്യാമറയാണ് നോട്ട് 8ന്റെ മറ്റൊരു ഹൈലൈറ്റ്. ഡ്യുവൽ പിക്സൽ ടെക്നോളജിയുള്ള രണ്ട് ക്യാമറകളുടെയും ശേഷി 12 മെഗാപിക്സൽ. 8 എംപി ശേഷിയുള്ള ക്യാമറ മുന്നിൽ ഇടംപിടിച്ചിരിക്കുന്നു. 3,300 എംഎച്ച് ബാറ്ററിയാണ് ഫോണിന് ഊർജം പകരുന്നത്. ചാര്‍ജിങിനായി വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും യുഎസ്ബി ടൈപ്പ് സി പോര്ടും സാംസംഗ് ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാറ്ററി തകരാറ് മൂലം നോട്ട് സെവനിൽ നേരിട്ട കനത്ത തിരിച്ചടി നോട്ട് 8ലൂടെ മറികടക്കാമെന്നാണ് സാംസഗിന്റെ പ്രതീക്ഷ. 60,000 രൂപയ്ക്ക് അടുത്താണ് 8ന്റെ 64ജിബി പതിപ്പിന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില. അമേരിക്കയിൽ പുറത്തിറങ്ങിയ ഫോൺ എന്ന് ഇന്ത്യയിൽ എത്തുമെന്ന് വ്യക്തമല്ല.
