Asianet News MalayalamAsianet News Malayalam

ഇപ്പോഴത്തെ ഏത് ഫോണിന് കിട്ടും ആ ഫീല്‍

ഒന്നും പറയാനിലെങ്കിലും കൂട്ടുകാർ തമ്മിൽ എന്തൊക്കെയോ അങ്ങോട്ടു ഇങ്ങോട്ട് അയക്കുന്നു. പിന്നെ കാമുകിയുടെ മെസേജിനായ് കാത്തിരിപ്പും മറുപടി കിട്ടാതെയുള്ള വിഷമവും എല്ലാം തീർക്കുന്നതും പറയുന്നതും ഫോണിനോടായിരുന്നു. ദേഷ്യം വരുമ്പോൾ എത്രയോ തവണ എടുത്ത് എറിഞ്ഞിട്ടും ഫോണിന് ഒരു പ്രശ്നവും ഉണ്ടാവാറില്ല - സഞ്ജീവ് കെ.എല്‍ എഴുതുന്നു

sanjeev kl writes in my g my first phone
Author
Kerala, First Published Sep 25, 2018, 10:32 AM IST

എന്റെ ആദ്യ ഫോൺ  നോക്കിയ 1100. ഞാൻ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു ഫോൺ സ്വന്തമാക്കുന്നത്. ഫോൺ ഉണ്ടെങ്കിൽ അതൊരു അന്തസ്സും ഗമയുമൊക്കെ ആയിരുന്നു അന്നൊക്കെ. എല്ലാവർക്കും അന്ന് ഫോൺ ഒന്നുമില്ലായിരുന്നു അതുകൊണ്ട് തന്നെ കൂട്ടുകാർക്കിടയിൽ ഫോൺ ഉണ്ടെങ്കിൽ പ്രത്യേക പരിഗണന കിട്ടുമായിരുന്നു. ചുവപ്പുകളർ ബോഡിയായിരുന്നു എന്റെ ഫോണിന് ഹച്ചിന്റെ സിം കാർഡായിരുന്നു അന്ന് ഉപയോഗിച്ചിരുന്നത്. 

ഫോണിന്‍റെ സ്ക്രീനിൽ ഇളംപച്ച നിറമായിരുന്നു അതിനു ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. സ്ക്രീനിൽ കാണുവാനായി സ്വന്തം പേര് സെറ്റ് ചെയ്തിരുന്നു, എന്റെ വാൾപേപ്പർ ഫോണിൽ തന്നെ ഉണ്ടായിരുന്ന ഒരു റോസാപ്പൂ ആയിരുന്നുട്ടോ. കോൾ വിളിക്കുന്നതിനേക്കാൾ ഗെയിം കളിക്കാനാണ് ഫോൺ ഉപയോഗിച്ചിരുന്നത്, അന്നത്തെ ഗെയിം സ്നൈക്ക് II എന്തു രസമായിരുന്നു പാമ്പ് ഇര വിഴുങ്ങി വിഴുങ്ങി വലുതായി എവിടെയും മുട്ടാതെ ഓരോ ലെവലുകൾ കീഴടക്കുമ്പോൾ നല്ല സന്തോഷമായിരുന്നു, കൂട്ടുകാരുമൊത്ത് ഗെയിം കളിച്ച് അവൻ എടുത്ത സ്കോറിനെക്കാൾ സ്കോർ ചെയ്യാൻ വാശിയോടെ കളിക്കുമായിരുന്നു ആ ഒരു വികാരം ഇന്നത്തെ ഒരു ഗെയിമിനും തരാൻ കഴിഞ്ഞിട്ടില്ല.

പിന്നെ സ്പൈസ് ഇംപാക്ട്+ എന്നൊരു ഗെയിം കൂടി ഉണ്ടായിരുന്നു അതു സൂപ്പറാട്ടോ. ഇന്നത്തെ ഫോണിൽ എന്തും റിംഗ്ടോൺ ആയി സെറ്റു ചെയ്യാം എന്നാൽ അന്ന് നോക്കിയയുടെ തന്നെ ട്യൂൺ ആയിരുന്നു ഞാൻ സെറ്റ് ചെയ്തിരുന്നത്, പിന്നീട് സിനിമാ ഗാനങ്ങളുടെ ട്യൂൺസ് കിട്ടിയിരുന്നു. കൂട്ടുകാർക്കെല്ലാം ഫോൺ ആയതിനു ശേഷം ഫോണുവിളികൾ കൂടുതലായി റീചാർജായി 10, 20 രൂപയുടെ കാർഡായിരുന്നു കൂടുതലും ഉപയോഗിച്ചിരുന്നത്,അതൊക്കെ ധാരാളമായിരുന്നു പിന്നെ മെസേജ് അത് വല്ലാത്തൊരു അനുഭവമായിരുന്നു ഇന്നത്തെ വാട്സ് ആപ്പ് പോലെയല്ലല്ലോ അതു കൊണ്ടു തന്നെയാണ് മെസേജ് ഇന്നും ഒരു നൊസ്റ്റുവായി മനസ്സിൽ തങ്ങി കിടക്കുന്നത്. 

ഒന്നും പറയാനിലെങ്കിലും കൂട്ടുകാർ തമ്മിൽ എന്തൊക്കെയോ അങ്ങോട്ടു ഇങ്ങോട്ട് അയക്കുന്നു. പിന്നെ കാമുകിയുടെ മെസേജിനായ് കാത്തിരിപ്പും മറുപടി കിട്ടാതെയുള്ള വിഷമവും എല്ലാം തീർക്കുന്നതും പറയുന്നതും ഫോണിനോടായിരുന്നു. പിക്ച്ചർ മെസേജ് കിട്ടുമ്പോൾ അത് സേവ് ചെയ്യാറുണ്ട്, ചിലതൊക്കെ വാൾപേപ്പർ വെയ്ക്കാറുമുണ്ട്. ദേഷ്യം വരുമ്പോൾ എത്രയോ തവണ എടുത്ത് എറിഞ്ഞിട്ടും ഫോണിന് ഒരു പ്രശ്നവും ഉണ്ടാവാറില്ല അതൊക്കെ ഇന്നത്തെ ഫോണിന് കിട്ടുന്നുണ്ടോ? ഇല്ല.

പിന്നെ ഒരു തവണ ചാർജ് ചെയ്താലോ നാലോ അഞ്ചോ ദിവസം ചാർജ് നിൽക്കുമായിരുന്നു. മെലഡി എഡിറ്ററില്‍ കംപോസ് ചെയ്ത ട്യൂൺസ് കേട്ടാൽ അയ്യോ നല്ല ബെസ്റ്റ് മ്യൂസിക്ക് ഡയറക്ടർ ആയിരുന്നു ഞാൻ, ഒന്നും അറിയില്ലെങ്കിലും എല്ലാ നമ്പറിലും കുത്തി കുത്തി ഒരു ട്യൂൺ ഉണ്ടാക്കി കേൾക്കും നല്ലതാണേ കൂട്ടുകാരെ കേൾപ്പിക്കും. പിന്നെ സ്ക്രീൻ സേവർ ഉണ്ടായിരുന്നു എന്താണ് സെറ്റ് ചെയ്തത് എന്നൊന്നു ഓർമയില്ലട്ടോ. ടോര്‍ച്ച്, അലറാം, റിമൈന്റര്‍ ഇതൊക്കെ ആവശ്യാനുസരണം ഉപയോഗപ്പെടുത്തിയിരുന്നു. യൂണിറ്റ് കണ്‍വേര്‍ട്ടറില്‍ സംഖ്യകൾ കൊടുത്ത്  നോക്കുമായിരുന്നു.

പിന്നെ ഫോണിന്റെ പുറകിലായി ഒരു സംഭവം ഒട്ടിച്ചു  ഫോൺ കോൾ വരുമ്പോൾ അല്ലെങ്കിൽ മെസേജ് വരുമ്പോൾ പലതരം ലൈറ്റ് തെളിഞ്ഞു വരുമായിരുന്നു, ആരെങ്കിലും കോൾ ചെയ്യാൻ തുടങ്ങുമ്പോൾ ഇവിടെ ലൈറ്റ് തെളിയുമ്പോൾ ആരുടെയോ കോൾ / മെസേജ് വരുന്നുണ്ടെന്ന് മനസിൽ പറയുമായിരുന്നു, അതൊന്നും പിന്നീട് എവിടെയും കണ്ടിട്ടില്ല. ഇതൊക്കെയാണ് ആദ്യത്തെ ഫോൺ എന്നു പറയുമ്പോൾ മനസ്സിൽ തോന്നിയ കാര്യങ്ങൾ. ഒരു സാധാരണ ഫോൺ അതിൽ ഇന്റർനെറ്റില്ല, ഫേയ്സ്ബുക്ക്, വാട്സ് ആപ്പ് ഇല്ല മറ്റു പലതും ഇല്ല അതൊക്കെ കൊണ്ടു തന്നെയാണ് ഇപ്പോഴും പഴയ ഫോണുകൾക്ക് മനസ്സിൽ നൊസ്റ്റാൾജിയ ഉണർത്തുന്നത്. 

Follow Us:
Download App:
  • android
  • ios