ദില്ലി: ലോകത്തില്‍ അടുത്തിടെ ഏറ്റവും ചര്‍ച്ച സൃഷ്ടിച്ച ആപ്പ് ഏതാണ്. സംശയം വേണ്ട അത് സറഹ തന്നെ. അ‍ജ്ഞാതമായി നിന്ന് ഒരു വ്യക്തിക്ക് എന്ത് സന്ദേശവും അയക്കാം എന്ന ആനന്ദം ഒരു വശത്തുണ്ടെങ്കിലും, സറഹ സന്ദേശങ്ങള്‍ അയച്ചവരുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തുമോ എന്ന ഭയം ആപ്ലികേഷന്‍ ഉപയോഗിച്ച് സന്ദേശമയച്ച് തകര്‍ത്തവര്‍ക്ക് വ്യാപകമായി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനിടയിലാണ് സറഹയുടെ സ്വകാര്യത സംരക്ഷണം സംബന്ധിച്ച റിപ്പോര്‍ട്ടുകളും ഉയര്‍ന്നു വരുന്നത്.

ടെക് സെക്യൂരിറ്റി സ്ഥാപനം ഇന്‍റര്‍സെപ്റ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം സ്വകാര്യത സംരക്ഷണത്തില്‍ സറഹ പരാജയമാണെന്നാണ് പറയുന്നത്. ആപ്ലികേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഉപഭോക്താക്കളുടെ കോണ്‍ടാക്റ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സറഹ സ്വന്തമാക്കുന്നു എന്നാണ് ഇവരുടെ റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഇത് നിഷേധിക്കാന്‍ സറാഹ സ്ഥാപകന്‍ സെയ്ന്‍ അല്‍-അബിദിന്‍ തയ്യാറായിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ കോണ്‍ടാക്റ്റ് എടുക്കുന്നത് അടുത്ത സുഹൃത്തിനെ കണ്ടെത്താനുള്ള പുതിയ സൗകര്യത്തിന് വേണ്ടിയാണെന്ന് സെയ്ന്‍ അല്‍-അബിദിന്‍ ട്വീറ്റ് ചെയ്തത്.

ഇതുവരെ ഫൈന്‍ഡ് യുവര്‍ ഫ്രണ്ട്‌സ് സൗകര്യം ഇല്ലാതിരുന്നത് ചില സാങ്കേതി പ്രശ്നങ്ങള്‍ മൂലമാണെന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ ഇങ്ങനെ സ്വന്തമാക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വമാണ് ചര്‍ച്ചയാകുന്നത്.