കൈനോക്കി ഇനി കള്ളനെ പിടിക്കാമെന്ന് ആധുനികശാസ്ത്രത്തിന്‍റെ കണ്ടെത്തല്‍. 

ലണ്ടന്‍: കൈനോക്കി ഇനി കള്ളനെ പിടിക്കാമെന്ന് ആധുനികശാസ്ത്രത്തിന്‍റെ കണ്ടെത്തല്‍. കൈകളുടെ പുറംഭാഗത്തുള്ള ഞരമ്പുകളുടെ ഘടന, തൊലിയുടെ ചുളിവുകള്‍‌ , നിറം എന്നിവ പഠന വിധേയമാക്കിയാണ് പുതിയ കണ്ടെത്തല്‍. വടക്കുപടിഞ്ഞാറന്‍ ബ്രിട്ടനിലെ 'ലാന്‍കാസ്റ്റര്‍‌ യൂനിവേഴ്സിറ്റി'യിലെ പ്രൊഫസര്‍ ദമെ സൂ ബ്ലാക്കിന്‍റെ നേതൃത്വത്തില്‍ നടന്ന പരീക്ഷണങ്ങളാണ് കുറ്റവാളികളെ കണ്ടെത്താന്‍ അന്വേഷകര്‍ക്ക് സഹായകമായിരിക്കുന്നത്.

വിരലടയാളം പോലെ വ്യക്തികളുടെ കൈകളിലെ ഞരമ്പുകളുടെ ഘടനയും ചുളിവും നിറവും എല്ലാം ഓരോരുത്തരിലും വ്യത്യസ്തമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതുവഴി ക്യാമറകളില്‍ പതിയുന്ന കുറ്റവാളികളുടെ കൈകള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയാല്‍ വ്യക്തികളെ തിരിച്ചറിയാമെന്നാണ് ഇവരുടെ കണ്ടെത്തല്‍. 

നിലവില്‍ കുറ്റകൃത്യം നടന്ന സ്ഥലങ്ങളില്‍ നിന്ന് കുറ്റവാളികളുടെ വിരലടയാളം വെച്ചാണ് കുറ്റവാളികളെ അന്വേഷകര്‍ കണ്ടെത്തിയിരുന്നത്. എന്നാല് ഇനി മുതല്‍ കുറ്റവാളികളുടെ കൈകളുടെ ചിത്രം മാത്രം കിട്ടിയാല്‍ മതി.