ദില്ലി: ലയനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വോഡഫോൺ–ഐഡിയ കമ്പനിയെ ലയനവും രക്ഷിച്ചില്ലെന്ന് കണക്കുകള്‍. ഇരു കമ്പനികളും ലയിച്ചതിനു ശേഷമുള്ള രണ്ടാം പാദത്തിൽ കമ്പനിക്ക് വൻ നഷ്ടമാണ് നേരിട്ടിരിക്കുന്നത് എന്നാണ് കണക്കുകള്‍ പറയുന്നത്. റിലയൻസ് ജിയോയുടെ വരവോടെ പ്രതിസന്ധിയിലായ ഇരു കമ്പനികളും അതിവേഗമാണ് ലയന തീരുമാനം എടുത്തത്. അതിന് പിന്നാലെ കമ്പനി ചെലവ് ചുരുക്കൽ നടത്തിവരികയാണ്. 

എന്നാൽ നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ നഷ്ടം 5000 കോടി രൂപയാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരു ടെലികോം കമ്പനികളും ലയനം പൂര്‍ത്തിയാക്കിയത്. ഇതിനു ശേഷം പുറത്തുവന്ന ആദ്യ പാദ റിപ്പോർട്ടിലും നഷ്ടം തന്നെയാണ് കാണിച്ചത്. മൂന്നാം പാദത്തിൽ വോഡഫോൺ–ഐഡിയ കമ്പനികളുടെ വരുമാനം 11,765 കോടി രൂപയാണ്. അതായത് രണ്ടു ശതമാനത്തിന്‍റെ ഇടിവ് സംഭവിച്ചു.

25,000 കോടി രൂപയുടെ നിക്ഷേപം ഇറക്കി വിപണിയില്‍ അധിപത്യം നേടുവാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇരുകമ്പനികളുടെ ഒന്നിച്ചതിന്‍റെ ലക്ഷ്യത്തിലേക്ക് ഉടൻ എത്തുമെന്നാണ് കമ്പനിയുടെ മുതിര്‍ന്ന വൃത്തങ്ങള്‍ പറയുന്നത്. അടുത്ത പാദത്തില്‍ മാത്രമാണ് ലയനത്തിന്‍റെ യഥാര്‍ത്ഥ ആനുകൂല്യം ലഭിക്കൂ എന്നാണ് വോഡഫോൺ–ഐഡിയ സിഇഒ ബലേഷ് ശർമ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ പാദത്തിൽ 3.5 കോടി വരിക്കാരാണ് വോഡഫോൺ–ഐഡിയയ്ക്ക് നഷ്ടമായത് എന്നാണ് കണക്ക്. ഓരോ മാസവും 35 രൂപയ്ക്കെങ്കിലും റീചാർജ് ചെയ്തില്ലെങ്കിൽ 28 ദിവസത്തിനു ശേഷം വിളിക്കാനാവില്ലെന്ന നിബന്ധനയാണ് കൊഴിഞ്ഞുപോക്കിന് കാരണം എന്നാണ് വിവരം. ഈ നിബന്ധനയോടെ പലരും രണ്ടാം സിം ഉപേക്ഷിക്കാന്‍ ആരംഭിച്ചു.