ലൈംഗിക സംതൃപ്തിക്കായി ഉപയോഗിക്കുന്ന വൈബ്രറ്ററുകള്‍ ഉപയോഗിച്ചവര്‍ക്ക് കിട്ടിയത് വലിയ പണി.  ഉപയോക്താക്കളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തിയത് ഇത് നിര്‍മ്മിച്ച സെക്സ് ടോയ് കമ്പനി തന്നെയാണ്. സംഭവത്തില്‍ കമ്പനി മാപ്പ് പറഞ്ഞു. സംഭവം ബോധപൂര്‍വം സംഭവിച്ചതല്ലെന്നും സോഫ്റ്റ്‌വെയര്‍ പിഴവാണ് അബദ്ധം സംഭവിക്കാന്‍ കാരണമെന്നുമാണ് കമ്പനിയുടെ വിശദീകരണം. 

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ ടൈ ഡോക്ടര്‍ എന്ന യൂസര്‍ നെയിമില്‍ നിന്നും എഴുതിയ കുറിപ്പിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. മൊബൈല്‍ ഫോണ്‍ വഴി നിയന്ത്രിക്കാവുന്ന വൈബ്രേറ്ററിലൂടെ രഹസ്യനിമിഷങ്ങള്‍ ഫോണുകളിലേക്ക് റെക്കോര്‍ഡ് ചെയ്തുവെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ കമ്പനി കുറ്റസമ്മതം നടത്തി. 

ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ടൈ ഡോക്ടര്‍ എന്ന യൂസര്‍ക്ക് ഇക്കാര്യം വ്യക്തമായത്. തന്‍റെ പങ്കാളിയുടെ സ്വകാര്യ നിമിഷങ്ങളുടെ റെക്കോര്‍ഡിംഗ് ഫോണില്‍ കണ്ടെത്തിയെന്നും അത് കഴിഞ്ഞ തവണ വൈബ്രേറ്റര്‍ ഉപയോഗിച്ചപ്പോള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടതാണെന്നും ഈ യൂസര്‍ സ്ഥിരീകരിച്ചു. ഉപയോക്താവിന്റെ പോസ്റ്റ് വൈറലായതോടെ മറ്റ് ഉപയോക്താക്കളും ഇക്കാര്യം പരിശോധിച്ച് സ്ഥിരീകരിച്ചു.