പുതുകോട്ട: രാജ്യത്ത് ഉള്ളിയുടെ വില ദിനംപ്രതി കുതിച്ചുയരുകയാണ്. ബെംഗളൂരുവില്‍ ഞായറാഴ്ച ഉള്ളി വില 200 രൂപവരെ എത്തി. തമിഴ്‌നാട്ടില്‍ 180 രൂപയാണ് ഒരു കിലോ ഉള്ളിയുടെ വില. ഉള്ളി വില ഉയരുകയും വിപണിയിൽ ഉള്ളി ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഈ സന്ദർഭത്തിൽ ഉള്ളി സൗജന്യമായി നൽകി പുതിയ ബിസിനസ് മാര്‍ക്കറ്റിങ് തന്ത്രം മെനയുകയാണ് തമിഴ്നാട്ടിലെ ഒരു കടയുടമ.

ഒരു കിലോ ഉള്ളിയാണ് കടയുടമ സൗജന്യമായി നൽകുന്നത്. എന്നാൽ, സൗജന്യമായി ഉള്ളി കിട്ടണമെന്നുണ്ടെങ്കിൽ അതിന് ചില നിബന്ധനകളൊക്കെയുണ്ട്. കടയിൽ നിന്ന് ഏതെങ്കിലുമൊരു കമ്പനിയുടെ മൊബൈൽ ഫോൺ വാങ്ങിക്കുന്ന ഉപഭോക്താവിന് മാത്രമെ ഒരു കിലോ ഉള്ളി സൗജനയമായി ലഭിക്കുകയുള്ളൂ. പുതുകോട്ടയിലെ തലയാരി തെരുവിലുള്ള എസ്ടിആർ മൊബൈൽസ് കടയാണ് പുതുപുത്തൻ ഓഫറുമായി എത്തിയിരിക്കുന്നത്.

Read More: ഉള്ളിവില ആകാശത്തോളം, ബെംഗളുരുവില്‍ കിലോയ്ക്ക് 200 രൂപ

കടയിൽനിന്ന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യം എന്ന പോസ്റ്ററും സ്ഥാപനത്തിന് മുന്നില്‍ പതിച്ചിട്ടുണ്ട്. ഓഫറും പോസ്റ്ററുമെല്ലാം സോഷ്യൽമീഡിയയിലടക്കം വൈറലായിരിക്കുകയാണ്. ഇത്തരമൊരു ഓഫറിന് ‌ഉപഭോക്താക്കളിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കടയുടമയായ ശരവണ കുമാര്‍ പറഞ്ഞു. പരസ്യം ഇറക്കിയതിന് പിന്നാലെ കടയിൽ മൊബൈൽ ഫോണിന്റെ‌ വില്‍പ്പന കൂടിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഉള്ളി തിരഞ്ഞെടുക്കാനും അവസരമുണ്ട്.

എട്ടുവര്‍ഷം മുമ്പാണ് എസ്ടിആർ മൊബൈൽസ് തുടങ്ങിയത്. ദിവസേന രണ്ട് ഫോണുകൾ മാത്രമാണ് ഇവിടെനിന്ന് വിറ്റുപോയത്. എന്നാൽ, മൊബൈല്‍ ഫോണ്‍ വാങ്ങുന്നവർക്ക് ഒരു കിലോ സൗജന്യം എന്ന ഓഫർ വച്ചതോടെ കഴിഞ്ഞ രണ്ട് ദിവസമായി എട്ട് മൊബൈൽ ഫോണുകളാണ് കടയിൽനിന്ന് വിറ്റുപോയതെന്നും ശരവണൻ കൂട്ടിച്ചേർത്തു.