മൈക്രോസോഫ്റ്റിന്‍റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുണ്ടായ പ്രശ്‌നം ലോക വ്യാപകമായി ബാധിച്ചിരിക്കുകയാണ് 

ലണ്ടന്‍: ലോക വ്യാപകമായി മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം നേരിടുന്ന സാങ്കേതിക തടസം രാജ്യാന്തര മാധ്യമമായ സ്കൈ ന്യൂസിന്‍റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. വിന്‍ഡോസിലെ പ്രശ്‌നം കാരണം യുകെയിലെ പ്രധാന വാര്‍ത്താ ചാനലുകളിലൊന്നായ സ്കൈ ന്യൂസിന്‍റെ തല്‍സമയ സംപ്രേഷണം കുറേസമയം മുടങ്ങി. സാങ്കേതിക പ്രശ്‌നം കാരണം ചാനല്‍ സംപ്രേഷണം ചെയ്യാന്‍ കഴിയുന്നില്ല എന്ന് ചെയര്‍മാന്‍ അറിയിച്ചു. മൈക്രോസോഫ്റ്റിന്‍റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന 'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്' കാണിക്കുകയും ചെയ്യുകയാണ് സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതര പ്രശ്‌നം. 

'സ്കൈ ന്യൂസ് ഇന്ന് രാവിലെ തത്സമയം സംപ്രേഷണം ചെയ്യാന്‍ കഴിയുന്നുണ്ടായിരുന്നില്ല. സംപ്രേഷണത്തില്‍ തടസം നേരിട്ടതില്‍ കാഴ്‌ചക്കാരോട് ഖേദം അറിയിക്കുന്നു'- എന്നുമാണ് സ്കൈ ന്യൂസ് ചെയര്‍മാന്‍ ഡേവിഡ് റോഡ്‌സിന്‍റെ ട്വീറ്റ്. 

Scroll to load tweet…

സ്കൈ ന്യൂസിന്‍റെ തല്‍സമയ സംപ്രേഷണം മുടങ്ങിയതോടെ എന്താണ് സംഭവിച്ചത് എന്ന ഞെട്ടലിലായിരുന്നു കാഴ്‌ചക്കാര്‍. ചാനല്‍ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചത് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നേരിട്ട പ്രശ്‌നമാണ് എന്ന് പിന്നാലെ വ്യക്തമായി. സമാന പ്രശ്‌നം കാരണം ഓസ്ട്രേലിയയിലും മാധ്യമസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താറുമാറായിട്ടുണ്ട്. 

മൈക്രോസോഫ്റ്റിന്‍റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുണ്ടായ പ്രശ്‌നം യുകെയില്‍ മാത്രമല്ല, ലോക വ്യാപകമായി വിമാനത്താവളങ്ങള്‍, ട്രെയിന്‍ സര്‍വീസുകള്‍, ഐടി കമ്പനികള്‍, ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. വിവിധ അമേരിക്കന്‍ എയര്‍ലൈനുകളും ലോകത്തെ വിവിധ വിമാനത്താവളങ്ങളും വിന്‍ഡോസിലെ പ്രശ്‌നത്തില്‍ വലഞ്ഞിരിക്കുകയാണ്. പലയിടങ്ങളിലും വിമാന സര്‍വ്വീസ് മുടങ്ങി. വിമാനങ്ങള്‍ റണ്‍വേയില്‍ നിരത്തിയിടുന്ന സാഹചര്യമാണ് പലയിടങ്ങളിലുമുള്ളത്. ഇന്ത്യയിലും വിവിധ എയര്‍പോര്‍ട്ടുകളുടെയും എയര്‍ലൈന്‍ കമ്പനികളുടെയും പ്രവര്‍ത്തനം മൈക്രോസോഫ്റ്റിന്‍റെ സാങ്കേതിക തടസം കാരണം പ്രതിസന്ധിയിലായിട്ടുണ്ട്. 

Read more: പണിമുടക്കി വിൻഡോസ്! കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു; ലോകം നിശ്ചലം, ഇന്ത്യയിലും ഗുരുതര പ്രശ്‌നം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം