ദില്ലി: ഇന്ത്യയിലെ നോട്ട് അസാധുവാക്കല്‍ നല്ല നടപടിയാണെന്ന് ഗൂഗിള്‍ മേധവി. ഇന്ത്യന്‍ വംശജന്‍ കൂടിയായ സുന്ദര്‍ പിച്ചെ ഈ നീക്കം രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കുന്നതിന് കാരണമാകുമെന്ന് നിരീക്ഷിച്ചു. ഇന്ത്യയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്ന് സുന്ദര്‍ പിച്ചെ അഭിപ്രായപ്പെട്ടു. ഗൂഗിള്‍ ദില്ലിയില്‍ സംഘടിപ്പിച്ചുവരുന്ന ഡിജിറ്റല്‍ അണ്‍ലോക്ക്ഡ് എന്ന പരിശീലന പരിപാടിയിലാണ് ഗൂഗിള്‍ തലവന്‍റെ അഭിപ്രായ പ്രകടനം.

ഇന്ത്യക്കാരുടെ പക്കല്‍ മൊബൈല്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉണ്ട്. ഇത് ഫലപ്രദമായി ഉപയോഗിക്കുക വഴി ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നത് കൊണ്ട് സാധിക്കും. അതിനാല്‍ തന്നെ നോട്ട് അസാധുവാക്കിയ നടപടി ധീരമാണെന്നും അതില്‍ സഹായിക്കുന്നതില്‍ സന്തോഷം മാത്രമെ ഉള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ഇന്ത്യ വികസിപ്പിച്ചെടുത്ത യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനം പല രാജ്യങ്ങളിലും നിലവിലില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഡിജിറ്റല്‍ അണ്‍ലോക്ക്ഡ് എന്ന പരിശീലന പരിപാടി 40 നഗരങ്ങളിലായി 5000 ത്തോളം ശില്‍പശാലകള്‍ നടത്തുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

2016ല്‍ ഗൂഗിളിന് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്‍ പുരോഗതി ഉണ്ടക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ ഗൂഗിളിന്‍റെ പുതിയ പുതിയ ഉല്‍പന്നങ്ങളായ ഗൂഗിള്‍ പിക്‌സല്‍, ഗൂഗിള്‍ ഹോം, ഗൂഗിള്‍ അസിസ്റ്റ് എന്നിവ അവതരിപ്പിച്ചു. 

ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ഇന്‍റര്‍നെറ്റിന്‍റെ സാധ്യതകളുപയോഗിച്ച് ബിസിനസ് വളര്‍ത്താന്‍ സഹായിക്കുന്ന മൈ ബിസിനസ് വെബ്‌സൈറ്റ് ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.