സമൂഹ മാധ്യമങ്ങളിൽ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം നേരിടുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ പിന്തുണച്ച് കോണ്‍ഗ്രസ്
ദില്ലി: സമൂഹ മാധ്യമങ്ങളിൽ സംഘപരിവാര് അനുകൂലികളുടെ സൈബര് ആക്രമണം നേരിടുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ പിന്തുണച്ച് കോണ്ഗ്രസ്. മിശ്രവിവാഹിതരോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെതിരേ നടപടിയെടുത്തതാണ് സുഷമയ്ക്കെതിരേ വിമർശനം ഉയരാൻ ഇടയാക്കിയത്. തനിക്കെതരേ വന്ന മോശം പരാമർശങ്ങളുള്ള ട്വിറ്റർ സന്ദേശങ്ങൾ മന്ത്രി തന്നെയാണ് പോസ്റ്റ് ചെയ്തത്. അതേ സമയം സുഷമയെ ട്രോളിയ പ്രധാന അക്കൗണ്ടുകളെ ബിജെപിയുടെ തന്നെ 41 എംപിമാര് പിന്തുടരുന്നതാണെന്ന് ഹിന്ദുസ്ഥാന് ടൈംസ് റിപ്പോര്ട്ട് ചെയ്യുന്നു. ഇതില് തന്നെ സുഷമ സ്വരാജിനെതിരെ ട്വീറ്റ് ചെയ്ത 8 അക്കൗണ്ടുകളെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പിന്തുടരുന്നുണ്ട്.

കടപ്പാട്- ഹിന്ദുസ്ഥാന് ടൈംസ്
ജൂണ് 17 മുതൽ 23 വരെ താൻ നാട്ടിലില്ലായിരുന്നെന്നും തന്റെ അസാന്നിധ്യത്തിൽ ഇവിടെ എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നും എന്തായാലും ചില ട്വീറ്റുകളിലൂടെ താൻ ആദരിക്കപ്പെട്ടിരിക്കുന്നെന്നുമുള്ള കമന്റോടെയാണ് സുഷമയുടെ റിട്വീറ്റ്. ഇതിനിടെയാണ് കോണ്ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന് സുഷമയ്ക്ക് പിന്തുണയെത്തിയത്. സുഷമാജി നിങ്ങളുടെ പാർട്ടിയിൽ നിന്നു തന്നെ നിങ്ങൾക്ക് നേരെ ഉയർന്നിരിക്കുന്നത് വിദ്വേഷവും പരിഹാസവും നിറഞ്ഞ പരാമർശത്തിലാണ്. ഈ അവസരത്തിൽ നിങ്ങളുടെ തീരുമാനത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു എന്നായിരുന്നു കോണ്ഗ്രസിന്റെ പിന്തുണ.
ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നൗവിൽ പാസ്പോർട്ട് പുതുക്കാൻ ചെന്ന മിശ്രവിവാഹ ദന്പതികളായ മുഹമ്മദ് അനസ് സിദ്ധിഖി, ഭാര്യ തൻവി സേഥ് എന്നിവരോട് പാസ്പോർട്ട് പുതുക്കി നൽകണമെങ്കിൽ ഹിന്ദു മതം സ്വീകരിക്കണമെന്നു പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്യോഗസ്ഥനായ വികാസ് മിശ്ര നിലപാടെടുക്കുകയായിരുന്നു.
പുതിയ പാസ്പോർട്ടിന് അപേക്ഷിച്ച തൻവി വിവാഹത്തിനുശേഷം ഭർത്താവിന്റെ പേര് ഒപ്പം ചേർക്കാത്തതിൽ ഉദ്യോഗസ്ഥൻ കയർത്തുവെന്നും ദന്പതികൾ ആരോപിച്ചു. ഇതു ചൂണ്ടിക്കാണിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ദമ്പതികള് ട്വീറ്റ് ചെയ്തത്. തൊട്ടുപിന്നാലെ ഈ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഇതിന്റെ പേരിലാണ് സുഷമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ആക്രമണം ഉയർന്നത്.
