ദില്ലി: ടെലികോം കമ്പനിയായിരുന്ന ടാറ്റ ഡോകോമോയിലെ തര്‍ക്കം അവസാനിക്കുന്നു, ജപ്പാനീസ് കമ്പനിയായ എന്‍ടിടി ഡോകോമോയ്ക്ക് ടാറ്റ സണ്‍സ് 7900 കോടി നഷ്ടപരിഹാരം നല്‍കാന്‍ സമ്മതിച്ചു. കോടതിക്ക് പുറത്ത് തര്‍ക്കം ഒത്തുതീര്‍പ്പായതായി ഇരു കമ്പനികളും ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ടാറ്റഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കുന്നതിലേക്ക് വരെ നയിച്ച നിയമയുദ്ധമാണ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കാന്‍ ഇരുകമ്പനികളും തീരുമാനിച്ചത്.
2009 ല്‍ 26.5 ശതമാനം ഓഹരികള്‍ വാങ്ങിയാണ് ഡോകോമോ ടാറ്റ ടെലി സര്‍വ്വീസീല്‍ പങ്കാളിയാകുന്നത്. അഞ്ച് വര്‍ഷത്തിനകം പങ്കാളിത്തമുപേക്ഷിക്കേണ്ടി വന്നാല്‍ മുടക്കുമുതലിന്‍റെ പകുതിയെങ്കിലും ടാറ്റ ഗ്രൂപ്പ് നല്‍കണമെന്നായിരുന്നു കരാര്‍. ടാറ്റ ഡോകോമോ ടെലികോം സര്‍വ്വീസ് നഷ്ടമായതിനെ തുടര്‍ന്ന് 2014 ല്‍ ടോകോമോ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചു.
ഓഹരിയൊന്നിന് 58 രൂപ നിരക്കില്‍ 7250 കോടിരൂപ കമ്പനി നഷ്ടപരിഹാരം തേടി. എന്നാല്‍ ഓഹരി ഒന്നിന് 23.34 രൂപ നിരക്കിലേ നല്‍കാനാകൂവെന്ന നിലപാടിലായിരുന്നു ടാറ്റ.
