ഇന്ത്യയിൽ ലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്ററുകളിലൊന്ന് സ്ഥാപിക്കാൻ ടിസിഎസ് പദ്ധതിയിടുന്നു. 'ഹൈപ്പർവോൾട്ട്' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ തലമുറ ഡാറ്റാ സെന്റർ, വർധിച്ചുവരുന്ന എഐ ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിടുന്നു.

ദില്ലി: ലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്‍ററുകളിലൊന്ന് ഇന്ത്യയിൽ സ്ഥാപിക്കാൻ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) പുതിയ പദ്ധതി പ്രഖ്യാപിച്ചു. എഐ ഇംപാക്‌ട് സമ്മിറ്റ് 2026-ലാണ് ഈ പ്രഖ്യാപനം ഉണ്ടായതെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്‌തു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയുടെ ആവശ്യകത അതിവേഗത്തിൽ ഉയരുന്ന സാഹചര്യത്തിൽ ശക്തവും വിശ്വസനീയവുമായി ഡാറ്റാ അടിസ്ഥാന സൗകര്യം നിർണായകമാണെന്ന് കമ്പനി വ്യക്തമാക്കി.

ഇപ്പോൾ ഇന്ത്യയിലെ മൊത്തം ഡാറ്റാ സെന്‍റർ ശേഷി ഏകദേശം 1.5 ഗിഗാവാട്ട് മാത്രമാണ്. എന്നാൽ 2030-ഓടെ ഇത് 10 ഗിഗാവാട്ടിന് മുകളിൽ ഉയരുമെന്നാണ് വ്യവസായ രഗത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. 2019 മുതൽ ഇതുവരെ ഏകദേശം 94 ബില്യൺ ഡോളറിന്‍റെ നിക്ഷേപം ഇന്ത്യൻ ഡാറ്റാ സെന്‍റർ മേഖലയിലേക്ക് എത്തിയിട്ടുണ്ട്. ഡിജിറ്റൽ സേവനങ്ങളുടെ വ്യാപനം, ക്ലൗഡ് കംപ്യൂട്ടിംഗിന്‍റെ വളർച്ച, എ ഐ അധിഷ്ഠിത പ്രവൃത്തികളുടെ വർധന എന്നിവയാണ് ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങൾ.

ഈ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ടിസിഎസ് ‘ഹൈപ്പർവോൾട്ട്’ എന്ന പേരിൽ എ.ഐ-സജ്ജമായ പുതിയ തലമുറ ഡാറ്റാ സെന്‍റർ സംവിധാനം അവതരിപ്പിക്കുന്നു. ഹൈപ്പർസ്കെയിലർമാർക്കും എ ഐ അധിഷ്‍ഠിത സ്ഥാപനങ്ങൾക്കും ആവശ്യമായ സുരക്ഷിതവും വിപുലവുമായ അടിസ്ഥാന സൗകര്യമാണ് ഹൈപ്പർവോൾട്ട് വാഗ്ദാനം ചെയ്യുന്നത്.

ഉയർന്ന പ്രകടന ശേഷിയുള്ള ഈ ഡാറ്റാ സെന്‍ററുകൾ ലിക്വിഡ് കൂളിംഗ് സംവിധാനങ്ങളോടെയാണ് നിർമ്മിക്കുന്നത്. ശക്തമായ എഐ പ്രവൃത്തികൾ നടത്തുന്നതിനുള്ള ഉയർന്ന റാക്ക് സാന്ദ്രതയും ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഊർജക്ഷമത ഉറപ്പാക്കുന്ന ആർക്കിടെക്ചർ സംവിധാനവും പരിസ്ഥിതി സൗഹൃദ സമീപനവും പ്രാധാന്യമാക്കുന്നു. പ്രധാന ക്ലൗഡ് മേഖലകളുമായി ശക്തമായ നെറ്റ്‍വർക്ക് കണക്റ്റിവിറ്റിയും കുറഞ്ഞ ലാറ്റൻസി പ്രകടനവും ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഹൈപ്പർസ്കെയിലർമാരുമായും എഐ കമ്പനികളുമായും അടുത്ത സഹകരണത്തിലൂടെ എ ഐ അടിസ്ഥാന സൗകര്യങ്ങളുടെ രൂപകൽപ്പന, വിന്യാസം, മെച്ചപ്പെടുത്തൽ എന്നിവ ടിസിഎസ് നിർവഹിക്കും. കെട്ടിടങ്ങൾ നിർമ്മിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതല്ല, മറിച്ച് സുരക്ഷിതവും വിശ്വസ്‍തവുമായ ലോകോത്തര എഐ സേവനങ്ങൾ വൻതോതിൽ നൽകുകയാണ് കമ്പനിയുടെ ലക്ഷ്യം.

ക്ലൗഡ് സേവനങ്ങൾ, എഐ പ്ലാറ്റ്‌ഫോമുകൾ, ഇൻഡസ്‍ട്രി സ്‍പെസിഫിക് സൊലൂഷൻസ് തുടങ്ങിയവയുമായി ചേർന്ന് ആഗോള എഐ പരിവർത്തനത്തിന്‍റെ മുൻനിരയിൽ നിലയുറപ്പിക്കാനാണ് ടിസിഎസ് ശ്രമിക്കുന്നത്. ഇന്ത്യയിലും ആഗോള തലത്തിലുമുള്ള ഡിജിറ്റൽ വളർച്ചയുടെ അടുത്ത ഘട്ടത്തിന് ശക്തി പകരുക എന്നതാണ് കമ്പനിയുടെ ഭാവിയിലെ ലക്ഷ്യം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming