അമേരിക്കയില്‍ ആമസോണ്‍ 2030-ഓടെ ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ ജോലികള്‍ക്ക് വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുവഴി ആമസോണ്‍ ലാഭിക്കാന്‍ ലക്ഷ്യമിടുന്നത് ബില്യണ്‍ കണക്കിന് ഡോളര്‍.
കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക് ഭീമനായ ആമസോണ്‍ 2030-ഓടെ ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ ജോലികള്‍ക്ക് വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. ആമസോണിന്‍റെ ഓപ്പറേഷനുകളില്‍ ഓട്ടോമേഷന്‍ വര്‍ധിപ്പിക്കാനും റോബോട്ടുകളെ ഉപയോഗിക്കുന്നത് കൂട്ടാനുമാണ് കമ്പനി പദ്ധതിയിടുന്നതെന്നും ദി ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ആമസോണില്‍ നിന്ന് ലീക്കായ വിവരങ്ങള്‍ പരിശോധിച്ചാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റെ ഈ റിപ്പോര്‍ട്ട്. യുഎസിലെ ആമസോണ്‍ സംരംഭങ്ങളിലാവും ഈ ഓട്ടോമേഷന്‍ കൊണ്ട് വലിയ തൊഴില്‍ മാറ്റം സംഭവിക്കുക.
2027 ആകുമ്പോഴേക്കും നിയമിക്കേണ്ട 160,000 യുഎസ് ജീവനക്കാരെ ഒഴിവാക്കുന്ന തരത്തിൽ കമ്പനിയുടെ 75 ശതമാനം പ്രവർത്തനങ്ങളും ഓട്ടോമേറ്റ് ചെയ്യുന്നതിനായി ആമസോണിന്‍റെ റോബോട്ടിക്‌സ് ടീം പ്രവർത്തിക്കുന്നതായി ആന്തരിക രേഖകള്‍ ഉദ്ദരിച്ച് ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2025നും 2027നും ഇടയില്‍ രണ്ട് വര്‍ഷം കൊണ്ട് ഏതാണ്ട് 12.6 ബില്യണ്‍ ഡോളറിന്‍റെ ലാഭമാണ് ഈ ഓട്ടോമേഷന്‍ ആമസോണിന് നല്‍കുക. എഐ, ഓട്ടോമേഷന്‍ എന്നീ വാക്കുകള്‍ക്ക് പകരം 'അഡ്വാന്‍സ്‌ഡ് ടെക്‌നോളജി', 'കോബോട്ട്' എന്നീ പദങ്ങളാണ് റോബോട്ടിക്‌സ് വിന്യാസത്തെ വിശേഷിപ്പിക്കാന്‍ ആമസോണ്‍ ഉപയോഗിക്കുന്നത്. ഓട്ടോമേഷന്‍ മൂലമുണ്ടാകുന്ന വിമര്‍ശനങ്ങളെയും തിരിച്ചടികളേയും നേരിടാനുള്ള മുന്‍കൂര്‍ പദ്ധതികള്‍ ആമസോണിനുണ്ടെന്നും കമ്പനിയുടെ ആന്തരിക രേഖകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസ് കണ്ടെത്തിയതായി അവകാശപ്പെടുന്ന രേഖകള്‍ അപൂര്‍ണമാണ് എന്നാണ് ആമസോണ്‍ വൃത്തങ്ങളുടെ പ്രതികരണം. റോബോട്ടിക്‌സിനെ വിശേഷിപ്പിക്കുന്നതിനായി കമ്പനി ഉപയോഗിക്കുന്നതായി പറയപ്പെടുന്ന പദങ്ങള്‍ ശരിവെക്കുകയും ആമസോണ്‍ വക്താവ് ചെയ്‌തിട്ടില്ല.



