ദില്ലി: ജിയോ ശക്തമായ വെല്ലുവിളി സൃഷ്ടിക്കുന്ന ടെലികോം മേഖലയില്‍ ബഡ്ജറ്റ് ഇളവുകള്‍ പ്രതീക്ഷിച്ച് ടെലികോം കമ്പനികള്‍. ലോകത്തിലെ തന്നെ ഏറ്റവും വളര്‍ച്ചയുള്ള ഇന്ത്യന്‍ ടെലികോ മേഖലയില്‍ കൂടുതല്‍ മുതല്‍ മുടക്കിന് സര്‍ക്കാരിന്റെ ചില അനുകൂല നടപടികള്‍ വേണമെന്നുള്ളതാണ് കമ്പനികളുടെ ആഗ്രഹം. അരുണ്‍ ജയ്റ്റിലിയുടെ ബജറ്റില്‍ ഇവര്‍ പ്രതീക്ഷിക്കുന്നത് സ്പെക്ട്രം ഉപയോഗം ചാര്‍ജ് (എസ്യുസി), ലൈസന്‍സ് ഫീസ്, യൂണിവേഴ്സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ട് (യുഎസ്ഒഎഫ്) തുടങ്ങിയ പ്രധാന ടെലികോം ചാര്‍ജുകളില്‍ ഇളവാണ്.
ഇത് ലഭിച്ചാല്‍ ടെലികോം മേഖലയിലെ നിലവിലെ സാമ്പത്തിക സമ്മർദത്തിന് അയവുണ്ടാകുമെന്നാണ് ഈ രംഗത്തെ സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അതുപോലെ ഉയര്‍ന്ന ടെലികോം ലെവി, 4 ജി നെറ്റ്വര്‍ക്കിന്റെ ഉയര്‍ന്ന കസ്റ്റംസ് തീരുവ തുടങ്ങിയവ ടെലികോം മേഖലയെ ബുദ്ധിമുട്ടിലാക്കുന്ന പ്രധാന കാര്യങ്ങളാണ്. ഓരോ കമ്പനിയും 100 രൂപയ്ക്ക് 30% വരെ നികുതിയാണ് ഗവണ്മെന്റിന് നല്‍കുന്നത്.
ഈ നിരക്കില്‍ ഇളവ് വരുത്തിയാല്‍ കടക്കെണിയിലായ ടെലികോം വ്യവസായത്തിന്റെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കും. 4 ജി എല്‍ടിഇ ഉപകരണങ്ങളുടെ കസ്റ്റംസ് തീരുവയില്‍ കുറവ് വരുത്തിയാല്‍ ഗ്രാമീണ മേഖലയില്‍ കൂടി 4 ജി ഉപയോഗം വ്യാപിപ്പിക്കാനുള്ള ചിലവ് കുറയുമെന്നാണ് കമ്പനികളുടെ വാദം. ഇക്കാര്യം ധനവകുപ്പുമായുള്ള പ്രീ ബഡ്ജറ്റ് ചര്‍ച്ചകളില്‍ ടെലികോ മേഖലയിലെ സംഘടനകള്‍ ഉന്നയിച്ചിട്ടുണ്ട്.
ഇതിനിടെ സര്‍ക്കാര്‍ കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് നല്കുന്ന സേവനങ്ങളുടെ കാര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു തുടങ്ങി. മൊബൈല്‍ ഫോണ്‍ വിളി തടസപ്പെടുന്നതിന് ടെലികോം കമ്പനികള്‍ അടിയന്തര പരിഹാരം കാണണമെന്നും അതിനുപകരം, ടവര്‍ സ്ഥാപിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ പറഞ്ഞിട്ടു കാര്യമില്ലെന്നും ടെലികോം വകുപ്പ് കമ്പനികളെ അറിയിച്ചു.
മൊബൈല്‍ സേവന കമ്പനികള്‍ക്കുള്ള കര്‍ശന നിര്‍ദേശമാണു സര്‍ക്കാരിന്റേത്. കോള്‍ ഡ്രോപ്പ് അടക്കമുള്ള സേവനനിലവാരക്കുറവും സര്‍ക്കാര്‍ ഗൗരവത്തോടെയാണു കാണുന്നത്. ടവര്‍ സ്ഥാപിക്കുന്നതിനു ജനം തടസം നില്ക്കുന്നെന്നു ചൂണ്ടിക്കാട്ടി കമ്പനികള്‍ക്കു രക്ഷപെടാന്‍ അനുവദരക്കില്ലന്നാണ് ടെലികോ മന്ത്രാലയം വ്യക്തമാക്കുന്നത്.
അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ അവര്‍ മുതൽ മുടക്കുനടത്തിയേ പറ്റൂ എന്ന നിലപാടിലാണ് സര്‍ക്കാര്‍. പുതിയ ബജറ്റില്‍ ആനുകൂല്ല്യങ്ങള്‍ പ്രതീക്ഷിക്കുന്ന കമ്പനികള്‍ ഇതിന് തയാറാകുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്.
