Asianet News MalayalamAsianet News Malayalam

ടെലഗ്രാം മേധാവി പവേല്‍ ദുരോവ് അറസ്റ്റില്‍

ടെലഗ്രാമിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പവേല്‍ ദുരോവ് പരാജയപ്പെട്ടു എന്നാണ് കുറ്റം

Telegram CEO Pavel Durov arrested at French airport
Author
First Published Aug 25, 2024, 7:33 AM IST | Last Updated Aug 25, 2024, 11:19 AM IST

പാരിസ്: ടെലഗ്രാം ആപ്ലിക്കേഷന്‍ മേധാവി പവേല്‍ ദുരോവ് പാരിസില്‍ അറസ്റ്റില്‍. പാരിസിലെ വിമാനത്താവളത്തില്‍ വച്ചാണ് ഇദേഹത്തെ അറസ്റ്റ് ചെയ്‌തത് എന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു. ടെലഗ്രാമുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരിലാണ് അറസ്റ്റ് എന്നാണ് സൂചന. ടെലഗ്രാമിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പവേല്‍ ദുരോവ് പരാജയപ്പെട്ടു എന്നാണ് കുറ്റം. പവേലിനെതിരെ രേഖപ്പെടുത്തിയിരിക്കുന്ന കുറ്റങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. ടെലഗ്രാമിന്‍റെ സഹസ്ഥാപകനും സിഇഒയുമാണ് മുപ്പത്തിയൊമ്പതുകാരനായ പവേല്‍ ദുരോവ്. 

പ്രാദേശിക സമയം ശനിയാഴ്‌ച വൈകിട്ട് പാരിസിന്‍റെ പ്രാന്തപ്രദേശത്തുള്ള ലെ ബൂർഗെറ്റ് വിമാനത്താവളത്തില്‍ വച്ചാണ് പവേല്‍ ദുരോവിനെ അറസ്റ്റ് ചെയ്തത്. അസര്‍ബൈജാനില്‍ നിന്ന് തന്‍റെ സ്വകാര്യ ജെറ്റില്‍ എത്തിയതായിരുന്നു അദേഹം. ദുരോവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും എന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിനെ കുറിച്ച് ഔദ്യോഗിക പ്രതികരണം ടെലഗ്രാം നടത്തിയിട്ടില്ല. പാരിസിലെ റഷ്യന്‍ എംബസിയുടെ പ്രതികരണവും അറിവായിട്ടില്ല. 

റഷ്യന്‍ വംശജനായ പവേല്‍ ദുരോവ് ദുബായിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ടെലഗ്രാം ആസ്ഥാനവും ദുബായ് ആണ്. ഫ്രഞ്ച് പൗരത്വത്തിന് പുറമെ യുഎഇ പൗരത്വവും ദുരോവിനുണ്ട്. 15.5 ബില്യണ്‍ ഡോളറിന്‍റെ ആസ്തി ദുരോവിനുണ്ട് എന്നാണ് ഫോബ്‌സ് കണക്കാക്കുന്നത്. ദുരോവും സഹോദരന്‍ നിക്കോലായും ചേര്‍ന്ന് 2013ലാണ് ടെലഗ്രാം സ്ഥാപിച്ചത്. 900 മില്യണ്‍ ആക്‌റ്റീവ് യൂസര്‍മാര്‍ ടെലഗ്രാമിന് ഇപ്പോഴുണ്ട്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് മെസേജിംഗ് ആപ്പായ ടെലഗ്രാം വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷന്‍ എന്ന നിലയിലാണ് ശ്രദ്ധയാകര്‍ഷിച്ചത്. 
ടെലഗ്രാം സ്ഥാപിക്കും മുമ്പ് വികെ എന്നൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം റഷ്യയില്‍ പവേല്‍ ദുരോവ് സ്ഥാപിച്ചിരുന്നു. 

Read more: റീൽസ് കണ്ട് മടുപ്പ് തോന്നുന്നുണ്ടോ നിങ്ങള്‍ക്ക്? അപകടം ചൂണ്ടിക്കാട്ടി പഠനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios