ദില്ലി: ചൊവ്വാഴ്ച ചാന്ദിപ്പുര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ച് ഇന്ത്യ ബാരക്ക്-8 മിസൈല്‍ പരീക്ഷണ വിക്ഷേപണം നടത്തി. ഇസ്രായേല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസുമായി സഹകരിച്ച് ഹൈദരാബാദിലെ ഡിആര്‍ഡിഒ റിസര്‍ച്ച് ലാബാണു മിസൈല്‍ നിര്‍മിച്ചത്. പ്രതിരോധ കേന്ദ്രങ്ങള്‍, മെട്രോ സിറ്റികള്‍, ആണവ നിലയങ്ങള്‍ എന്നിവയ്ക്കു നേരേയുള്ള വ്യോമാക്രമണങ്ങളെ പ്രതിരോധിക്കുകയാണു മിസൈലിന്‍റെ പ്രധാന ദൗത്യം.

പരീക്ഷണം വിജയമാക്കിതീര്‍ത്ത ശാസ്ത്രജ്ഞരെയും ഏന്‍ജിനിയര്‍മാരെയും രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അഭിനന്ദിച്ചു. ഈ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നുവെന്നും നേട്ടം ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ കരുത്തു പകരുമെന്നും രാഷ്ട്രപതി പറഞ്ഞു.