അതേ സമയം അമേരിക്കന്‍ വിപണിയില്‍ ക്വാൽകോമുമായി സഹകരിക്കുന്ന സാംസങ് സേവനദാതാവായ വെറൈസനുമായി 5ജി സേവനം ലഭ്യമാക്കുന്നതിനുള്ള ചർച്ചകൾ പൂർത്തിയാക്കി കഴിഞ്ഞു

അമേരിക്കയിലെ 5ജി നെറ്റ്വര്‍ക്ക് ഉടന്‍ പ്രവര്‍ത്തനം ആരംഭിച്ചേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് ഇലക്ട്രോണിക്ക് ഭീമന്മാരായ സാംസങും യുഎസ് ടെലികോം കമ്പനിയായ വെറൈസനും ചേർന്ന് ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഇവര്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ആദ്യത്തെ 5ജി ഫോൺ വിപണിയിലെത്തിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്. ക്വാൽകോം കഴിഞ്ഞ ദിവസം അവതരിപ്പിച്ച സ്നാപ്ഡ്രാഗൻ 855 എന്ന 5ജി സിസ്റ്റം ഓൺ ചിപ് ആയിരിക്കും ഈ ഫോണില്‍ എന്നാണ് സൂചന. ചൈനയില്‍ നടന്ന ഒരു ആഗോള മൊബൈല്‍ ടെക് കോണ്‍ഫ്രന്‍സില്‍ 5ജി ഫോണില്‍ സ്നാപ്ഡ്രാഗൻ 855 ചിപ്പ് ഉപയോഗിക്കുന്ന കാര്യം സാംസങ്ങ് കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു.

അതേ സമയം അമേരിക്കന്‍ വിപണിയില്‍ ക്വാൽകോമുമായി സഹകരിക്കുന്ന സാംസങ് സേവനദാതാവായ വെറൈസനുമായി 5ജി സേവനം ലഭ്യമാക്കുന്നതിനുള്ള ചർച്ചകൾ പൂർത്തിയാക്കി കഴിഞ്ഞു. 2019 ആദ്യം തന്നെ ഫോൺ വിപണിയിലെത്തിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി സാംസങ് യുഎസ് പ്രതിനിധികൾ അറിയിച്ചു. 

ചൈനീസ് കമ്പനികളായ വണ്‍പ്ലസ്, ഷവോമി, ഹ്വാവേ തുടങ്ങിയവയും 5ജി സ്മാർട്ഫോണുകള്‍ അടുത്ത വര്‍ഷം വിപണിയില്‍ എത്തിക്കുമെന്ന് വാര്‍ത്തയുണ്ട്. നിലവിൽ ലഭ്യമായ ഹൈസ്പീഡ് 4ജിയെക്കാള്‍ പതിന്മടങ്ങ് വേഗത വാഗ്ദാനം ചെയ്യുന്നതാണ് 5ജി നെറ്റ്വര്‍ക്ക്. പക്ഷെ ഇന്ത്യയില്‍ 5 ജി വൈകിയേക്കും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഭാരതി എയര്‍ടെല്‍, ജിയോ എന്നിവര്‍ ഇതിനകം തന്നെ 5 ജിയിലേക്കുള്ള മാറ്റത്തിന് ഒരുങ്ങുന്നതായി പല വാര്‍ത്തകളും വന്നിട്ടുണ്ട്.