ദുബായ്: ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് മന്ത്രിയെ നിയമിച്ച് യുഎഇ. ലോകത്തില്‍ ആദ്യമായാണ് ഒരു രാജ്യം ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് കാര്യത്തിന് വേണ്ടി ഒരു മന്ത്രിയെ നിയമിക്കുന്നത്. കഴിഞ്ഞവര്‍ഷം സന്തോഷത്തിന് വേണ്ടിയുള്ള മന്ത്രിയെ (Minister of Happiness) യുഎഇ നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വകുപ്പും മന്ത്രിയും.

ഇന്നലെയാണ് യുഎഇ വൈസ് പ്രസിഡന്‍റും, ദുബായ് ഭരണാധികരിയുമായ ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്ദും മന്ത്രിസഭ പുനസംഘടന പ്രഖ്യാപനം നടത്തിയത്. 27 വയസുകാരനായ ഒമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലാമയാണ് പുതിയ എഐ മന്ത്രി. 

നിലവില്‍ യുഎഇ ഫ്യൂച്ചര്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടറായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു ഇദ്ദേഹം. ഒരു വര്‍ഷം മുന്‍പാണ് ഈ സ്ഥാനത്തേക്ക് ഇദ്ദേഹം എത്തിയത്. അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിബിഎ ബിദുദം നേടിയിട്ടുണ്ട് ഒമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലാമ. 

യുഎഇ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് പദ്ധതി 2031 പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ഉള്ളിലാണ് ഇതിന്‍റെ വകുപ്പും മന്ത്രിയും യുഎഇ പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്.