ദില്ലി: കേന്ദ്രത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷിതമായി ആശയവിനിമയം നടത്താന്‍ ഗൂഗിള്‍ പിക്സലും ജിയോ സിമ്മും നല്‍കി സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാറിലെ 500 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തരത്തില്‍ ഫോണുകള്‍ വിതരണം ചെയ്തത് എന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് മാസം മുന്‍പാണ് വിവിധ മന്ത്രാലയങ്ങളിലെ ജോയിന്‍റ് സെക്രട്ടരി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥരുടെ ആശയവിനിമയത്തില്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. പ്രീസ്റ്റോര്‍ കോണ്‍ടാക്ടുകളോടെയാണ് ഈ ഫോണ്‍ വിതരണം ചെയ്തിരിക്കുന്നത്.

അതേ സമയം സുരക്ഷിതമായ ലാന്‍റ് ലൈന്‍ കണക്ഷനുകളായ റാക്സ് (RAX) ലൈനുകള്‍ എന്‍ഡിഎ സര്‍ക്കാര്‍ വന്നത് മുതല്‍ ഉപയോഗിക്കുന്നുണ്ട്. ഈ ലൈനുകള്‍ 1,300 ല്‍ നിന്നും 5,000ത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.  എന്നാല്‍ ലാന്‍റ്ലൈനുകള്‍ തമ്മിലുള്ള ആശയവിനിമയ പരിമിതി മറികടക്കാനാണ് മൊബൈല്‍ ഫോണുകള്‍  വിതരണം ചെയ്തത് എന്നാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. 

എന്നാല്‍ ഈ ഫോണുകളുടെ ഉപയോഗം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. ഫോണ്‍ കാഴ്ച വസ്തുവായേക്കാം എന്നാണ് ഒരു ഉദ്യോഗസ്ഥന്‍ പറയുന്നത്. അതേ സമയം രാജ്യത്തെ വിവിധ വിദേശ നിര്‍മ്മിത ഫോണ്‍ കമ്പനികള്‍ക്ക് കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് സിസ്റ്റം ഇന്ത്യ (CERT-IN) നോട്ടീസ് പുറപ്പെടുവിച്ചതും പുതിയ ആശയവിനിമയ രീതി ഉദ്യോഗസ്ഥര്‍ക്ക് നടപ്പിലാക്കാന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ട്. 

ഇന്ത്യന്‍ വിപണിയില്‍ പിടിമുറുക്കിയ ചൈനീസ് മൊബൈല്‍ കമ്പനികള്‍ക്ക് അടക്കമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നവംബര്‍ 2016ല്‍ തന്നെ സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്രിപ്റ്റോവെയര്‍ ചൈനീസ് ഫോണുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനീസ് ഫോണുകളില്‍ ശേഖരിക്കുന്ന കോണ്‍ടാക്റ്റ്, ടെക്സ്റ്റ് സന്ദേശങ്ങള്‍ ചൈനീസ് സര്‍വറിലേക്ക് മാറ്റുന്നു എന്നാണ് പ്രധാന ആരോപണം.